സത്ന: ക്ഷേത്രത്തിൽ വച്ച് സ്വയം കഴുത്തറുത്തയാൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സത്നയിൽ സ്ഥിതിചെയ്യുന്ന ശാരദ ദേവി ക്ഷേത്രത്തിലാണ് സംഭവം. പ്രയാഗ്‌രാജ് ജില്ലയിലെ ഗഡ്ഡഗഡ്ഡ സ്വദേശിയായ ലല്ലാറാം ദഹിയ (37) എന്നയാളാണ് മരിച്ചത് (Man Cuts Neck to Offer to Goddess Dies).
തിങ്കളാഴ്‌ച വൈകിട്ടോടെ ശാരദാദേവി ക്ഷേത്രത്തിലെത്തിയ ലല്ലാറാം ക്ഷേത്രവളപ്പിലെ ഹോമകുണ്ഡത്തിനരികെ വച്ച് കഴുത്ത് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങി (Man Dies at Sharda Devi temple).
തിങ്കളാഴ്‌ച വാതിൽ പൂട്ടാനെത്തിയ സുരക്ഷ ജീവനക്കാർ ഹോമകുണ്ഡത്തിനരികെ രക്തത്തുള്ളികൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് സമീപത്തുതന്നെ നിലത്ത് കിടക്കുന്ന ലല്ലാറാമിനെ കണ്ടെത്തിയത്. ജീവനക്കാർ ഉടൻ തന്നെ ക്ഷേത്ര ഭരണസമിതിയെ വിവരമറിയിച്ചു. ഇതോടെ അന്നത്തെ ദർശനത്തിന് ശേഷം നിർത്തിവച്ചിരുന്ന റോപ്പ് വേ സർവീസുകൾ വീണ്ടും ഓണാക്കി മലമുകളിൽ നിന്ന് ആളെ താഴെയെത്തിച്ചു.
താഴെയെത്തിയ ഉടനെ ലല്ലാറാമിനെ ആംബുലൻസിൽ മൈഹാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സത്‌ന ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. കഴുത്തിലെ മുറിവ് ഗുരുതരമായതിനാൽ ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് മൈഹാർ ആശുപത്രിയിലെ അറ്റൻഡിങ് ഡോക്‌ടർ ഹിമാൻഷു ശർമ്മ പറഞ്ഞത്. തുടർന്ന് ആംബുലൻസിൽ സത്‌ന ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാൾ മരിച്ചത്.
Also Read: അധ്യാപകന്‍ മരിച്ച നിലയിൽ ; തൊട്ടടുത്ത് കൊലപ്പെടുത്തിയ നിലയിൽ മക്കളുടെ മൃതദേഹങ്ങള്‍
സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ലല്ലാറാം ദഹിയയുടെ കുടുംബാംഗങ്ങളുമായും പൊലീസ് സംസാരിക്കുന്നുണ്ട്. ദർശനസമയം കഴിഞ്ഞായതിനാൽ ഇയാൾ കഴുത്ത് മുറിക്കുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മൈഹാർ പോലീസ് സ്‌റ്റേഷൻ ഇൻചാർജ് അനിമേഷ് ദ്വിവേദി പറഞ്ഞു. സുരക്ഷാ ജീവനക്കാർ കണ്ടെത്തിയപ്പോൾ അയാൾ വേദനകൊണ്ട് പുളയുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചെന്നും അനിമേഷ് ദ്വിവേദി കൂട്ടിച്ചേർത്തു.