സാഹിബ്‌ഗഞ്ച് (ജാർഖണ്ഡ്) : കോരിച്ചൊരിയുന്ന മഴയും വെള്ളപ്പൊക്കവും അവഗണിച്ച് കുഞ്ഞിനെ പാത്രത്തില്‍ കിടത്തി പോളിയോ കുത്തിവയ്‌പ്പിനെത്തിച്ച് പിതാവ്. ജാർഖണ്ഡിലെ സിർസ സ്വദേശിയാണ് വേറിട്ടവഴി തെരഞ്ഞെടുത്തത്.
വെള്ളംകയറിയ റോഡിലൂടെയാണ് കുത്തിവയ്പ്പ് കേന്ദ്രത്തില്‍ എത്തേണ്ടതെന്നതിനാല്‍ കുഞ്ഞിനെ സുരക്ഷിതമായി ഒരു ചരുവത്തിലാക്കി ഒഴുക്കിക്കൊണ്ടുവരികയായിരുന്നു. എന്നാല്‍ ഇത് ആരോഗ്യപ്രവർത്തകരെയും ഞെട്ടിച്ചു.
സാഹിബ്‌ഗഞ്ച് ജില്ലയിലെ പൾസ് പോളിയോ ക്യാംപയിന്‍റെ ഭാഗമായാണ് പ്രളയബാധിത പ്രദേശമായ സിർസയിലെ മാൻഡ്രോ ബ്ലോക്കിൽ ആരോഗ്യവകുപ്പ് അധികൃതര്‍ കുത്തിവയ്‌പ്പ് ക്രമീകരിച്ചത്.
ഇവിടേക്കാണ് ഗ്രാമവാസിയായ ഒരാൾ തന്‍റെ കുഞ്ഞിനെ അതിസാഹസികമായി എത്തിച്ചത്. നിലവിൽ ഈ പ്രദേശം മുഴുവൻ വെള്ളപ്പൊക്ക ബാധിതമാണ്.
ഈ അവസ്ഥയിലും കുഞ്ഞിന് പോളിയോ നൽകേണ്ടത് അനിവാര്യമാണെന്ന് മനസിലാക്കി അതിനായി തുനിഞ്ഞിറങ്ങിയ പിതാവിന്‍റെ ശ്രമത്തെ ആരോഗ്യപ്രവർത്തകര്‍ അഭിനന്ദിച്ചു.
ALSO READ: പോത്തുകളിലെ സൂപ്പർ താരം സുല്‍ത്താൻ ചത്തു, ഞെട്ടി മൃഗ സ്നേഹികൾ
ആരോഗ്യവകുപ്പ് സംഘം പകർത്തിയ കുഞ്ഞിന്‍റെയും അച്ഛന്‍റെയും ചിത്രം ഇതിനോടകം സാമൂഹ്യമാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം പ്രളയമേഖലയിലും പോളിയോ വാക്‌സിനേഷന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ശ്രമിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലും ശ്രദ്ധയാകര്‍ഷിക്കുകയാണ്.