ഉദയ്‌പൂര്‍ (രാജസ്ഥാന്‍) : രാജസ്ഥാനില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് അപകീര്‍ത്തി പരാമർശം നടത്തിയതിന് സസ്‌പെന്‍ഷനിലായ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ രണ്ടംഗ സംഘം കഴുത്തറത്ത് കൊന്നു. ചൊവ്വാഴ്‌ച പകല്‍ ഉദയ്‌പൂരിലെ തിരക്കുള്ള തെരുവില്‍ വച്ചാണ് സംഭവം. അക്രമികളിലൊരാള്‍ പകര്‍ത്തിയ കൊലപാതകത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ച് കഴിഞ്ഞാല്‍ ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് അക്രമികളിലൊരാള്‍ പറയുന്നുണ്ട്. മൂർച്ചയുള്ള ആയുധം കൊണ്ടാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏകദേശം 10 ദിവസം മുന്‍പ് പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
കൊലപാതകത്തെ അപലപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജനങ്ങളോട് സമാധാനം പാലിക്കണമെന്ന് അഭ്യർഥിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗെലോട്ട് അറിയിച്ചു. 'ഇത്തരമൊരു ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്ക് കർശനമായ ശിക്ഷ നൽകും. സമാധാനം പാലിക്കാൻ എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നു' - ഗെലോട്ട് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലയിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തിവച്ചു. എല്ലാ പൊലീസ് സൂപ്രണ്ടുമാർക്കും ഐജിമാര്‍ക്കും സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.