ഹൈദരാബാദ്: വ്യക്തികളുടെയും സംഘടനകളുടെയുമായി 66.9 കോടി പേരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുകയും കൈവശം വയ്‌ക്കുകയും വില്‍പന നടത്തുകയും ചെയ്‌ത പ്രതിയെ പൊലീസ് പിടികൂടി. 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെയും ഉള്‍പ്പടെ 66.9 കോടി പേരുടെ രഹസ്യവിവരങ്ങള്‍ മോഷ്‌ടിക്കുകയും വില്‍പന നടത്തുകയും ചെയ്‌ത വിനയ് ഭരദ്വാജ് എന്നയാളെയാണ് സൈബരാബാദ് പൊലീസ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റോഡ് ട്രാൻസ്പോർട്ട് ഓർഗനൈസേഷനുകൾ, ജിഎസ്‌ടി തുടങ്ങിയവയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍, ഇ കൊമേഴ്‌സ് പോർട്ടലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഫിൻടെക് കമ്പനികൾ, എഡ്യു ടെക് ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ എന്നിവ ഇയാളില്‍ നിന്നും കണ്ടെത്തി.
പിടികൂടിയവയില്‍ എന്തെല്ലാം: 104 വിഭാഗങ്ങളിലായുള്ള വ്യക്തികളുടെയും സംഘടനകളുടെയും 66.9 കോടി ആളുകളുടെ വ്യക്തിപരവും രഹസ്യാത്മകവുമായ വിവരങ്ങള്‍ ഇയാള്‍ വില്‍പന നടത്തിയതായി കണ്ടെത്തിയെന്ന് പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ച് ഇന്‍സ്‌പയര്‍വെബ്‌സ് എന്ന വെബ്‌സൈറ്റ് മുഖേന ക്ലൗഡ് ഡ്രൈവ് ലിങ്കുകൾ വഴി ഇയാള്‍ ആവശ്യക്കാര്‍ക്ക് ഈ രേഖകള്‍ വില്‍പന നടത്തുകയായിരുന്നു. പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, പാൻകാർഡ് ഉടമകൾ, ഒമ്പത് മുതല്‍ പ്ലസ്‌ടു വരെയുള്ള വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഡല്‍ഹിയിലെ വൈദ്യുതി ഉപഭോക്താക്കള്‍, ഡി-മാറ്റ് അക്കൗണ്ട് ഉടമകള്‍, വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, നീറ്റ് വിദ്യാര്‍ഥികള്‍, സമ്പന്നര്‍, ഇന്‍ഷുറന്‍സ് ഉടമകള്‍, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സൈബര്‍ മോഷണങ്ങള്‍ പലരൂപത്തില്‍: ഇയാളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും, വ്യക്തികളുടെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും ഉള്‍പ്പടെ 135 വിഭാഗങ്ങളിലായുള്ള വിവരങ്ങളും പൊലീസ് കണ്ടെടുത്തു. അതേസമയം വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ഭീഷണിയും ശക്തമായ സൈബർ സുരക്ഷ നടപടികളുടെ ആവശ്യകതയുമാണ് ഇയാളുടെ അറസ്‌റ്റിലൂടെ ഉയരുന്നത്. കാരണം രഹസ്യ സ്വഭാവമുള്ള ഇത്തരം രേഖകളുടെ വില്‍പന വഴി സാമ്പത്തിക ക്രമക്കേട്, ഐഡന്‍റിറ്റി മോഷണം, മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും പോലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും.
എങ്ങനെ മറികടക്കാം: ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, സുരക്ഷ സോഫ്‌റ്റ്‌വെയർ യഥാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുക, അജ്ഞാതരായ വ്യക്തികളുമായോ ഓർഗനൈസേഷനുകളുമായോ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക എന്നീ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഉപഭോക്താക്കളുടെ രേഖകള്‍ സ്വീകരിക്കുന്ന ഓർഗനൈസേഷനുകൾ അവരുടെ ഡാറ്റയും ഉപഭോക്താക്കളുടെ ഡാറ്റകളും സംരക്ഷിക്കുന്നതിന് ശക്തമായ സൈബർ സുരക്ഷ നടപടികൾ കൈക്കൊള്ളേണ്ടതുമുണ്ട്.
Also Read: ഹാക്ക് ചെയ്തത് കോടിക്കണക്കിന് ജനങ്ങളുടെ വിവരങ്ങള്‍; സൈബർ കുറ്റവാളികൾ തെലങ്കാനയില്‍ പിടിയില്‍