കൊല്‍ക്കത്ത: കുഞ്ഞ് പിറക്കാന്‍ അയല്‍വാസിയുടെ ഏഴുവയസുള്ള പെണ്‍കുട്ടിയെ നരബലി നടത്തിയയാള്‍ പൊലീസ് പിടിയില്‍. കൊല്‍ക്കത്തയിലെ തില്‍ജലയില്‍ അലോക് കുമാര്‍ എന്നയാളാണ് ജോത്സ്യന്‍റെ വാക്കുകേട്ട് കുഞ്ഞ് പിറക്കാനായി അയല്‍വാസിയുടെ ഏഴുവയസുകാരിയെ കൊലപ്പെടുത്തിയത്. ബിഹാറില്‍ ജനിച്ച് ഉപജീവനത്തിനായി അടുത്തിടെ തില്‍ജലയിലേക്ക് താമസം മാറിയ പ്രതി ചോദ്യം ചെയ്യലിലാണ് പൊലീസിനോട് കുറ്റം സമ്മതിച്ചത്.
കൊലയിലേക്ക് നീങ്ങുന്നത് ഇങ്ങനെ: അലോകിന്‍റെ ഭാര്യ തുടര്‍ച്ചയായി മൂന്നുതവണ ഗര്‍ഭാലസ്യത്തെ തുടര്‍ന്ന് വിഷമിക്കുകയായിരുന്നു. ഈ സമയം അലോക് കുമാര്‍ തന്‍റെ പരിചയത്തിലുള്ള ബിഹാറിലെ ഒരു ജോത്സ്യനെ ബന്ധപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദൈവത്തിന് ബലിനല്‍കിയാല്‍ നിങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകുമെന്ന് ഇയാള്‍ അലോകിനെ വിശ്വസിപ്പിക്കുകയായിരുന്നു. ജോത്സ്യന്‍റെ വാക്ക് വിശ്വസിച്ച് അയല്‍വാസിയുടെ മകളെ കൊലപ്പെടുത്തി ഇയാള്‍ വീട്ടിനകത്ത് ബാഗില്‍ സൂക്ഷിക്കുകയായിരുന്നു.
തിരോധാനം, തുടര്‍ന്ന് അന്വേഷണം: ഇന്നലെ (26-03-2023) രാവിലെ എട്ടുമണിയോടെയാണ് വീട്ടിലെ മാലിന്യം കളയാനായി പുറത്തുപോയ പെണ്‍കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിസരപ്രദേശത്തും ബന്ധപ്പെട്ടവരോടും അന്വേഷിക്കുകയും ചെയ്‌തു. എന്നാല്‍ കുട്ടിയെ കണ്ടെത്താനാവാതെ വന്നതോടെ ഇവര്‍ തില്‍ജല പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടി അയല്‍വാസിയുടെ വീട്ടിലേക്ക് പോയിരിക്കാം എന്ന സംശയവും അവര്‍ പങ്കുവച്ചു.
എന്നാല്‍ തുടക്കത്തില്‍ അന്വേഷണത്തില്‍ തിടുക്കം കാണിക്കാതിരുന്ന പൊലീസ് പിന്നീടാണ് അന്വേഷണത്തിനായി അയല്‍വാസിയുടെ ഫ്ലാറ്റിലെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ ഒളിപ്പിച്ചിരുന്ന ബാഗ് പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് അത് തുറന്നപ്പോള്‍ കഴുത്തറുത്ത നിലയിലും ഗുരുതരമായ പരിക്കുകളോടെയും പെണ്‍കുട്ടിയെ ബാഗിനുള്ളില്‍ കുത്തിനിറച്ച രീതിയില്‍ കണ്ടെത്തുകയായിരുന്നു.
ഇതോടെ വീട്ടുടമ അലോക് കുമാറിനെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് തില്‍ജല പ്രദേശത്ത് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്നാരോപിച്ച് ഇവര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഇവര്‍ പ്രതിഷേധ പ്രകടനവും നടത്തി.
പുനര്‍ജന്മത്തിനായി ബലി: അടുത്തിടെ മരിച്ചുപോയ പിതാവിന്‍റെ 'പുനർജന്മ'ത്തിനായി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നരബലി നടത്താന്‍ ശ്രമിച്ച യുവതി പിടിയിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. തട്ടിക്കൊണ്ടുപോയി 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധിച്ചുവെന്നും പ്രതിയായ ശ്വേതയെ (24) അറസ്‌റ്റ് ചെയ്‌തുവെന്നും പൊലീസ് അറിയിക്കുകയായിരുന്നു.
മരിച്ച പിതാവിന്‍റെ സംസ്‌കാര ചടങ്ങിനിടെ ഒരേ ലിംഗത്തില്‍പ്പെട്ട കുട്ടിയെ നരബലി നല്‍കിയാല്‍ പിതാവ് 'ഉയര്‍ത്തെഴുന്നേല്‍ക്കു'മെന്ന് ആരോ പറഞ്ഞതിനെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇവർ തീരുമാനിക്കുന്നത്. ഒരു മാസത്തോളം നരബലി നടത്താനായി ഒരു കുട്ടിയെ ഇവർ അന്വേഷിക്കുകയിരുന്നു. ഇതിനായി ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തി നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗമാണെന്നും സ്വയം പരിചയപ്പെടുത്തി.
കുറച്ച് നാളുകള്‍ക്ക് ശേഷം പ്രസ്തുത കുട്ടിയുടെ മാതാപിതാക്കളെ ഇവര്‍ പരിചയപ്പെട്ടുവെന്നും അവരുടെ വിശ്വാസം നേടിയെടുക്കാനായി പ്രതി ഇവരെ നിരന്തരം സന്ദര്‍ശിച്ചിരുന്നുവെന്നും ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. ഒരവസരം കാത്തിരുന്ന ഒടുവില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.