ബംഗളൂരു: ഒരേ വേദിയില്‍ സഹോദരിമാരെ വിവാഹം കഴിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഇളയ സഹോദരിക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ല. വരൻ ഉമാപതി ഉൾപ്പെടെ 7 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മെയ് 7നാണ് വിവാഹം നടന്നത്. കര്‍ണാടകയിലെ കൊലാര്‍ ജില്ലയിലെ മുളബാഗിലു താലൂക്കിലെ വെഗമാഡുഗു ഗ്രാമത്തിലാണ് സംഭവം. സഹോദരിമാരായ സുപ്രിയയെയും ലളിതയെയുമാണ് ഉമാപതി വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ഫോട്ടോകളും വിവാഹ ക്ഷണക്കത്തും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Also Read: തമിഴ്‌നാട് പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ധനസഹായം നല്‍കി വിക്രമും രജനികാന്തും കലാനിധിമാരനും
മൂത്ത സഹോദരി സുപ്രിയയ്ക്ക് സംസാരിക്കാനും ഇളയ സഹോദരി ലളിതയ്ക്ക് കേൾക്കാനും കഴിയില്ല. ഒരാൾ വിവാഹിതയായാല്‍ മറ്റൊരാളുടെ അവസ്ഥ എന്തായിരിക്കുമെന്ന് മാതാപിതാക്കൾ ചിന്തിക്കുകയും ഒരേ വ്യക്തിയുമായി വിവാഹം നടത്താൻ തീരുമാനിക്കുകയുമായിരുന്നു. ഇത് വരൻ ഉമാപതി അംഗീകരിക്കുകയും ഒരേ വേദിയില്‍ രണ്ട് പേരെയും വിവാഹം ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി സി ആർ സെൽവമണി ഉത്തരവിട്ടു. ഇളയ സഹോദരിക്ക് 18 വയസ് പ്രായമാകാത്തതിനാല്‍ നംഗലി പൊലീസ് ഏഴ് പേർക്കെതിരെ കേസെടുത്തു.