അൽവാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ഒപ്പിട്ട് നിയമന കത്ത് തയ്യാറാക്കി സ്ത്രീയെ വിവാഹം കഴിച്ച സംഭവത്തില്‍ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി അമിത് കപൂറാണ് അറസ്റ്റിലായത്.
2018ലാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി ഇയാൾ സൗഹൃദം പുലർത്തിയിരുന്നു. താൻ പി.എം.ഒയിൽ ജോലി ചെയ്യുകയാണെന്നാണ് പ്രതി പെൺകുട്ടിയുടെ കുടുംബത്തോട് പറഞ്ഞത്. പ്രധാനമന്ത്രി മോദി ഒപ്പിട്ടതാണെന്ന് പറഞ്ഞ് വ്യാജ നിയമന കത്തും അയാൾ കാണിച്ചു. പെൺകുട്ടിയുടെ കുടുംബം അദ്ദേഹത്തെ വിശ്വസിക്കുകയും വിവാഹം നടത്തുകയും ചെയ്തു.
പിന്നീട് ഇയാൾ ചതിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രധാനമന്ത്രി മോദിയുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് പ്രതി വഞ്ചിച്ചുവെന്ന് വ്യക്തമാക്കുന്ന കത്തും പെൺകുട്ടിയുടെ കുടുംബം പിഎംഒയ്ക്ക് അയച്ചു. മെയ് എട്ടിന് പിഎംഒ ഡെപ്യൂട്ടി ഡയറക്ടർ രാജസ്ഥാനിലെ ഡിജിപിക്ക് നൽകിയ നിർദേശത്തെ തുടർന്ന് അൽവാറിൽ നിന്ന് അമിത് കപൂറിനെ പൊലീസ് പിടികൂടി. ഇന്ന് കോടതിയിൽ ഹാജരാക്കും.