മുംബൈ : മഹാരാഷ്‌ട്രയിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് വ്യാജ സന്ദേശം നൽകിയ 61കാരൻ പിടിയിൽ. തിങ്കളാഴ്‌ച രാത്രി 10മണിയോടെയാണ് പ്രകാശ് ഖേമാനി എന്നയാള്‍ തന്‍റെ മൊബൈൽ ഫോണിൽ നിന്നും സെക്രട്ടേറിയറ്റിലെ ലാൻഡ് ലൈൻ നമ്പറിലേക്കു വിളിച്ച്, ചൊവ്വാഴ്‌ച്ച ഭീകരാക്രമണം നടക്കുമെന്ന് വ്യാജ വിവരം നല്‍കിയത്.
ഫോൺ എടുത്ത സെക്രട്ടേറിയേറ്റ് ജീവനക്കാരനോട് നാളെ മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ സൗത്ത് മുംബൈയിലുളള ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സ്ഫോടനം നടക്കുമെന്ന് പ്രതി പറയുകയായിരുന്നു. വിവരം ലഭിച്ചയുടൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ ബന്ധപ്പെട്ട ഉന്നത പൊലീസുദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഭീകരാക്രമണ ഭീഷണിയെ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണത്തിൽ പ്രകാശ് ഖേമാനിയെ അയാളുടെ കണ്ടിവലിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 182 പ്രകാരം (തെറ്റായ വിവരങ്ങൾ നൽകി, പൊതുപ്രവർത്തകന്‍റെ നിയമപരമായ അധികാരം ദുർവിനിയോഗം ചെയ്യൽ, മറ്റൊരാളെ പരിക്കേൽപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെയുളള സന്ദേശം നൽകൽ) പ്രകാശ് ഖേമാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എന്തിനാണ് വ്യാജ സന്ദേശം നൽകാൻ ഖേമാനിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷിക്കും. ഖേമാനിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.