ഹൈദരാബാദ്: ചൂതാട്ടത്തില്‍ ഏര്‍പ്പെടാന്‍ യുവതികളെ കബളിപ്പിച്ച് പത്ത് കോടി രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ രാമചന്ദ്ര റാവു പേട്ട സ്വദേശി വംസി കൃഷ്‌ണയാണ് സൈബരാബാദ് പൊലീസിന്‍റെ പിടിയിലായത്. ആറ് വര്‍ഷത്തിനിടെ ആയിരത്തോളം യുവതികളെയാണ് ഇയാള്‍ കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ബിടെക് ബിരുദധാരിയായ ഇയാള്‍ 2014ലാണ് ജോലി തേടി ഹൈദരാബാദ് എത്തിയത്. കുക്കട്‌പള്ളിയിലെ ഹോട്ടലില്‍ രണ്ട് വര്‍ഷത്തോളം ജോലി ചെയ്‌തു. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് കുതിര പന്തയവും ക്രിക്കറ്റ് വാതുവയ്‌പ്പും ആരംഭിക്കുന്നത്.
തട്ടിപ്പ് ഇന്‍സ്റ്റഗ്രാമിലൂടെ: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രാവല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്ന ഇയാള്‍ ജോലി തേടിയെത്തുന്നവരോട് വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം യുവതികളുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചു. ഈ അക്കൗണ്ടിലൂടെ നിരവധി യുവതികളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചു.
വ്യാജ അക്കൗണ്ടില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ കൈമാറിയ ഇയാള്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി. ആപ്പ് ഉപയോഗിച്ച് ശബ്‌ദം മാറ്റിയാണ് യുവതികളെ വിളിച്ചിരുന്നത്. ആദ്യം യുവതികളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും, ഇതുവഴി അവരുടെ വിശ്വാസം നേടിയെടുക്കും.
തുടര്‍ന്ന് തന്‍റെ ബാങ്ക് അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡായെന്ന് പറഞ്ഞ് പണം ആവശ്യപ്പെടും. ഈ പണം ഉപയോഗിച്ചാണ് വാതുവയ്‌പ്പ് നടത്തുന്നത്. ആറ് വര്‍ഷത്തിനിടെ യുവതികളെ കബളിപ്പിച്ച് തട്ടിയടുത്ത പണത്തില്‍ നിന്ന് 5 കോടി രൂപ ഇയാള്‍ വാത്‌വയ്പ്പിനായാണ് ചിലവാക്കിയത്.
വിവാഹ വാഗ്‌ദാനം നല്‍കിയും തട്ടിപ്പ്: ഓണ്‍ലൈന്‍ മാട്രിമോണിയിലൂടെ വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം നല്‍കി നിരവധി യുവതികളെയും ഇയാള്‍ കബളിപ്പിച്ചിരുന്നു. ബന്ധം വേര്‍പ്പെടുത്തിയ സ്‌ത്രീകള്‍, വിധവകള്‍ എന്നിവരെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ഇവരെ വിവാഹം ചെയ്യാന്‍ പണം ആവശ്യപ്പെടും.
2016 മുതല്‍ ഇത്തരത്തില്‍ നിരവധി യുവതികളെയാണ് ഇയാള്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. 50-60 പേർ മാത്രമാണ് ഇയാള്‍ക്കെതിരെ ഇതുവരെ പരാതി നല്‍കിയത്. പരാതി നല്‍കിയവര്‍ക്ക് പുറമേ 30 ഓളം യുവതികളെ ഇയാള്‍ കബളിപ്പിക്കുകയും ഇവരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്‌തതായാണ് പൊലീസ് കണ്ടെത്തല്‍.
ജോഗഡ വംസി കൃഷ്‌ണ, ഹര്‍ഷ, ഹര്‍ഷ വര്‍ധന്‍ എന്നിങ്ങനെ പല പേരുകളും ഇയാള്‍ ഉപയോഗിച്ചിരുന്നു. സ്‌ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് തുറക്കുന്നതിന് പുറമേ യാനം എംഎല്‍എ ശ്രീനിവാസ് അശോകിന്‍റെ പേരിലും ഇയാള്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മറ്റുള്ളവരോട് ചാറ്റ് ചെയ്യാറുണ്ടായിരുന്നു. സൈബരാബാദ് പൊലീസ് കമ്മിഷണര്‍ സ്റ്റീഫന്‍ രവീന്ദ്രയുടെ നേതൃത്വത്തില്‍ രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.