മുംബൈ: സിനിമയില്‍ വേഷം നല്‍കാം എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയിലായി. മകള്‍ക്ക് സിനിമയില്‍ പ്രധാനവേഷം നല്‍കാം എന്ന് പറഞ്ഞ് ബിസിനസുകാരനായ പിതാവിന്‍റെ കയ്യില്‍ നിന്നും 32.69 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. അഹമ്മദാബാദ് നിവാസിയായ അപൂര്‍വ ദാവ്ദ ഋഷി ഷറോഫ് എന്നയാളെയാണ് റായ്ഗഡിലെ ഖലാപൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also..........ജോലിവാഗ്ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ
മുന്‍പും ഇത്തരത്തില്‍ പലകേസുകളിലായി പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഒരു പുതിയ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പ്രതിയുടെ സന്ദേശം കണ്ടാണ് മകള്‍ക്ക് വേണ്ടി വിമാന സ്പെയര്‍പാര്‍ട്സ് ബിസിനസ് നടത്തുന്ന പിതാവ് പ്രതിയെ സമീപിച്ചത്. ചിത്രത്തില്‍ പ്രധാനവേഷം നല്‍കാമെന്ന് പറഞ്ഞ് അപൂര്‍വ ദാവ്ദ 32.69 ലക്ഷം രൂപ വാങ്ങിയെന്നുമാണ് പരാതി.
സമാനമായ വാഗ്ദാനങ്ങൾ നൽകി പ്രതി മറ്റ് ചിലരെയും വഞ്ചിച്ചുവെന്ന് പിന്നീട് മനസ്സിലായതോടെ കുട്ടിയുടെ അച്ഛന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചനാകുറ്റം ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേരീതിയില്‍ 80 പേരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടെന്നും രണ്ട് കോടി രൂപയോളം കൈക്കലാക്കിയതായും പ്രതി പൊലീസിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.