മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'ബസൂക്ക' (Bazooka). ഗെയിം ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന സിനിമ പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ 'ബസൂക്ക' സെറ്റില്‍ നിന്നുള്ള മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് (Mammootty In Bazooka Movie Location).
വെള്ള ടീഷര്‍ട്ടും, മഞ്ഞ ജാക്കറ്റും ധരിച്ചാണ് താരം 'ബസൂക്ക'യുടെ സെറ്റില്‍ എത്തിയിരിക്കുന്നത്. ഒപ്പം താരത്തിന്‍റെ ലുക്കിനെ കൂടുതല്‍ സ്‌റ്റൈല്‍ ആക്കുന്ന ഒരു കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്. ഏതാനും അണിയറപ്രവര്‍ത്തകര്‍ക്കരികില്‍ ലാപ്‌ടോപ് നോക്കിയിരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക.
നേരത്തെ പുറത്തിറങ്ങിയ 'ബസൂക്ക'യിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകളും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും (Bazooka First Look Poster) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ കൂളിങ് ഗ്ലാസും ധരിച്ച് ഒരു ആഢംബര ബൈക്കിനരികില്‍ കൂളായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്കില്‍.
കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 7) മമ്മൂട്ടിയുടെ 72-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് (Mammootty birthday), 'ബസൂക്ക' സെറ്റില്‍ നിന്നുള്ള താരത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രം മമ്മൂട്ടിയുടെ ഫാന്‍ പേജുകളിലും മറ്റും തരംഗമായി മാറി.
താരത്തിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ പുതുചിത്രങ്ങളായ 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും (Bramayugam First Look Poster), 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലറും (Kannur Squad Trailer) അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'ഭ്രമയുഗം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും, 'കണ്ണൂര്‍ സ്‌ക്വാഡ്' ട്രെയിലറും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
അതേസമയം അടുത്തിടെ 'ബസൂക്ക'യിലെ തന്‍റെ ഭാഗം മമ്മൂട്ടി പൂര്‍ത്തിയാക്കിതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവസാനഘട്ട ചിത്രീകരണം നടക്കുന്ന സിനിമയുടെ ഷൂട്ടിങ് ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് വിവരം.
സിനിമയെ കുറിച്ച് മുമ്പൊരിക്കല്‍ മമ്മൂട്ടി പ്രതികരിച്ചിട്ടുണ്ട്. വിവേകികളുടെ ഗെയിം കൂടിയാണ് 'ബസൂക്ക'യുടെ കഥ എന്നാണ് മമ്മൂട്ടി പറഞ്ഞത്. 'ആസ്വാദകരെ അമ്പരപ്പിക്കുന്നൊരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്. ഒരു ആക്ഷന്‍ ചിത്രമാണ് ബസൂക്ക. വിവേകികളുടെ ഗെയിം കൂടിയാണ് ഈ കഥ. കൂടാതെ സിനിമയില്‍ ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ഉണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥയാണിത്. ബസൂക്കയിലെ എന്‍റെ കഥാപാത്രം വളരെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടു പോകുമെന്ന് ഉറപ്പാണ്' - ഇപ്രകാരമാണ് 'ബസൂക്ക'യെ കുറിച്ച് മമ്മൂട്ടി മുമ്പൊരിക്കല്‍ പറഞ്ഞത്.
ഷൈൻ ടോം ചാക്കോ, നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന്‍ എന്നിവരും സിനിമയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
സരിഗമ, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ബാനറുകളിൽ ജിനു വി എബ്രഹാം, വിക്രം മെഹ്ര, സിദ്ധാർഥ് ആനന്ദ് കുമാർ, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. പ്രശസ്‌ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റ മകന്‍ ഡീനൊ ഡെന്നിസാണ് സിനിമയുടെ രചനയും സംവിധാനവും. ഡീനൊ ഡെന്നിസിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. 'ഒറ്റനാണയം', 'എന്നിട്ടും' തുടങ്ങി ചിത്രങ്ങളില്‍ ഡീനൊ ഡെന്നിസ് അഭിനയിച്ചിട്ടുമുണ്ട്.