കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണറെ മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി മമത ബാനർജി. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മമത ബാനർജി കത്തെഴുതി. സംസ്ഥാനത്തിന്‍റെ സദ്ഭരണത്തിന് വേണ്ടി ഗവർണറെ മാറ്റണമെന്നാണ് മമത ബാനർജി ആവശ്യപ്പെട്ടിരിക്കുന്നത്. നാരദ അഴിമതിക്കേസിൽ രണ്ട് മന്ത്രിമാരുൾപ്പെടെ നാല് തൃണമൂൽ നേതാക്കളെ സിബിഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കത്ത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ പശ്ചിമ ബംഗാളിൽ അക്രമത്തിന്‍റെ അതിശയോക്തി കലർന്ന പതിപ്പാണ് ഗവർണർ ധൻഖർ പ്രകടിപ്പിക്കുന്നതെന്ന് മമത ബാനർജി അയച്ച കത്തിൽ പറയുന്നു.
പശ്ചിമ ബംഗാളിലെ ക്രമസമാധാനം സാധാരണ നിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇപ്പോൾ സ്ഥിതി പൂർണ നിയന്ത്രണത്തിലാണെന്നും കൂടാതെ ഭരണകൂടം കൊവിഡിനെ നേരിടുന്ന തിരക്കിലാണെന്നും കത്തിൽ പറയുന്നു. സത്യപ്രതിജ്ഞ ചടങ്ങിനിടെ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് സമൂഹ മാധ്യമത്തിൽ ട്വീറ്റ് ചെയ്തുകൊണ്ട് ധൻഖർ എല്ലാ പരിധികളെയും മറികടക്കുകയാണെന്നും കൊവിഡ് നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഗവർണർ സർക്കാരിന്‍റെ പ്രവർത്തനം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്നും കത്തിൽ പറയുന്നു.
ഗവർണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കുന്നത് പാർട്ടി പരിഗണിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഗവർണർ ചുമതലയേറ്റതു മുതൽ തൃണമൂൽ സർക്കാരുമായി തെറ്റിയിരുന്നുവെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തൃണമൂൽ എംപി സൗഗത റോയ് ആരോപിച്ചു. അതേസമയം, രാജ്ഭവൻ വൃത്തങ്ങൾ തൃണമൂൽ ആരോപണം നിഷേധിച്ചു.