കൊൽക്കത്ത : ജഡ്‌ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി. അഞ്ച് ലക്ഷം രൂപയാണ് പിഴയൊടുക്കേണ്ടത്.
നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മമത കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ മാറ്റണമെന്ന മമതയുടെ ആവശ്യത്തിലാണ് കോടതി നടപടി. ജസ്റ്റിസ് ചന്ദ ബിജെപി നേതാക്കളുടെ സഹചാരിയാണെന്ന് ആരോപിച്ചാണ് മമതയുടെ അഭിഭാഷകൻ ഇത്തരമൊരാവശ്യം ഉന്നയിച്ചത്.
Also Read: പൊളിച്ചെഴുതി മോദി; മന്ത്രിസഭയിലേക്ക് പുതിയ 43 പേർ - പട്ടിക കാണാം
എന്നാൽ ജുഡീഷ്യറിയെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടി എന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു. മമതയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച ശേഷം താൻ കേസിൽ നിന്നും പിന്മാറുകയാണെന്നും ജസ്റ്റിസ് അറിയിച്ചു.
തൃണമൂൽ പ്രവർത്തകർ തന്നെ ബിജെപിയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നായും അദ്ദേഹം ആരോപിച്ചു. നേരത്തെ ബിജെപി സർക്കാരിന് കീഴിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്ന ആളാണ് ജസ്റ്റിസ് ചന്ദ എന്ന രീതിയിലും ആക്ഷേപം ഉയർന്നിരുന്നു.