കൊല്‍ക്കത്ത: പ്രധാനമന്ത്രി കിസാൻ പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന ഭരണകൂടത്തിന് ഫണ്ട് കൈമാറണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി കേന്ദ്ര കൃഷി മന്ത്രിക്ക് കത്ത് നൽകി. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറും പശ്ചിമബംഗാള്‍ സര്‍ക്കാറും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെയാണ് മമതയുടെ നീക്കം. സംസ്ഥാനത്തെ കർഷകര്‍ക്ക് പൂർണ ഉത്തരവാദിത്തത്തോടെ യന്ത്രസാമഗ്രികൾ വിതരണം ചെയ്യുന്നതിനായി ആവശ്യമായ ഫണ്ട് സംസ്ഥാന സർക്കാരിന് കൈമാറാൻ അഭ്യർത്ഥിക്കുന്നു. വിതരണത്തിന് ശേഷം ഗുണഭോക്താക്കളുടെ പട്ടിക കേന്ദ്രത്തിന് അയയ്ക്കുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
ചെറുകിട, നാമമാത്ര കർഷകർക്ക് പ്രതിവർഷം 6,000 രൂപ വരുമാന സഹായം നൽകുന്ന കേന്ദ്ര പദ്ധതിയാണ് പിഎം-കിസാൻ പദ്ധതി. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഫണ്ട് കൈമാറുന്നതിനെ ഭരണകക്ഷിയായ ടിഎംസി ഭരണകൂടം എതിർത്തതിനാൽ പിഎം-കിസാൻ പദ്ധതിയിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത ഏക സംസ്ഥാനം പശ്ചിമ ബംഗാളാണ്. ഔദ്യോഗിക കണക്കനുസരിച്ച് പിഎം-കിസാന്‍ പദ്ധതി 2018 ഡിസംബറിൽ തുടങ്ങി. ഇതുവരെ രാജ്യത്തുടനീളം 10,85,28,337 പേർക്ക് പ്രയോജനം ലഭിച്ചു.