കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. നരേന്ദ്ര മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രി ലോകത്തെവിടെയും ഇനി ജനിക്കല്ലേ എന്ന് പ്രാർഥിക്കുന്നുവെന്നാണ് മമത ബാനർജി പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. ഡൽഹിയിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ബിൽ പാസാക്കിയതിനെതിരെയും മമത കേന്ദ്ര സർക്കാരിനെ വിമർശിച്ചു. ഡൽഹി സർക്കാരിന്‍റെ അധികാരം തട്ടിയെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ അധികാര ദുർവിനിയോഗം എന്നായിരുന്നു മമത വിശേഷിപ്പിച്ചത്.
ബിജെപിക്ക് ഗുണ്ടായിസവും കലാപം നടത്താനും മാത്രമെ അറിയുകയുള്ളൂ എന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയെ കൊന്നവരാണ് ബിജെപിയെന്നും മമത കൂട്ടിചേർത്തു. തന്‍റെ അവസാന ശ്വാസം വരെയും ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്നും മമത ബാനർജി വ്യക്തമാക്കി. പ്രസംഗങ്ങൾ നടത്താൻ വേണ്ടി മാത്രമാണ് ബിജെപിയുടെ കേന്ദ്ര നേതാക്കൾ പശ്ചിമ ബംഗാളിൽ എത്തിയതെന്നും നൽകിയ വാഗ്‌ദാനങ്ങളൊന്നും അവർ പാലിക്കില്ലെന്നും മമത കൂട്ടിചേർത്തു.
തങ്ങൾ സൗജന്യമായി റേഷൻ നൽകുന്നുണ്ടെന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ആൾക്കാരുടെ വീട്ടുവാതിൽക്കൽ റേഷൻ എത്തിക്കുമെന്നും മമത ബാനർജി വാഗ്‌ദാനം നൽകി. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ശനിയാഴ്‌ച ആരംഭിക്കും. 294 അംഗങ്ങളുള്ള പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.