ന്യൂഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഘാർഗെ ഇന്ന് (ഒക്‌ടോബർ 26) ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ 10.30ന് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. 24 വർഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
രാജ്യത്ത് ജനാധിപത്യം അപകടത്തിലായിരിക്കുമ്പോള്‍ സംഘടന തെരഞ്ഞെടുപ്പിലൂടെ അത് ശക്തിപ്പെടുത്തുന്നതിന്‍റെ ഉദാഹരണമാണ് പാർട്ടി അവതരിപ്പിച്ചതെന്ന് വിജയത്തിന് തൊട്ടുപിന്നാലെ ഖാർഗെ പ്രസ്താവിച്ചിരുന്നു.സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിനിടെ കോൺഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഭരണഘടനയെ സംരക്ഷിക്കാനും നിര്‍ണായക ഇടപെടലുകള്‍ നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയായിരുന്ന ശശി തരൂരിനെയും അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ പ്രതിനിധികളായി മത്സരിക്കുകയായിരുന്നുവെന്നും അദ്ദേഹം വന്നുകണ്ട് പാർട്ടിയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ചർച്ച ചെയ്‌തെന്നും ഖാർഗെ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഖാർഗെ ഉടൻ സന്ദർശനം നടത്തും.
ഒക്‌ടോബർ 17ന് നടന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെയ്‌ക്ക് 7,897ഉം തരൂരിന് 1072 ഉം വോട്ടുകള്‍ ലഭിച്ചിരുന്നു.