ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ആണ്‍ ചീറ്റ കൂടി ചത്തു. ഇന്ന് (ജൂലൈ 14) പുലര്‍ച്ചെയാണ് ദക്ഷിണാഫ്രിക്കന്‍ ചീറ്റയായ സൂരജിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ വനം വകുപ്പ് നടത്തിയ പട്രോളിങ്ങിനിടെയാണ് ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഇതോടെ നാല് മാസത്തിനിടെ പാര്‍ക്കില്‍ ചത്ത ചീറ്റകളുടെ എണ്ണം എട്ടായി. സൂരജ് ചത്തതോടെ ഞെട്ടലിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ചീറ്റയുടെ മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിലൂടെ കാരണം കണ്ടെത്താനാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
പാര്‍ക്കിലെ തേജസ് എന്ന് പേരുള്ള ആണ്‍ ചീറ്റ ചത്തതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സൂരജ് എന്ന ചീറ്റയെ പാര്‍ക്കിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. പാര്‍ക്കിലെ പെണ്‍ ചീറ്റയുമായി ഏറ്റുമുട്ടിയതിന് പിന്നാലെയുണ്ടായ ട്രോമാറ്റിക് ഷോക്കാണ് തേജസിന്‍റെ മരണത്തിന് കാരണമായത്. പെണ്‍ ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലില്‍ തേജസിന്‍റെ കഴുത്തിന് പിന്നില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
ചീറ്റക്കുട്ടികളും ചത്തു: ഇക്കഴിഞ്ഞ മെയ് 25ന് രണ്ട് ചീറ്റക്കുട്ടികളും ചത്തിരുന്നു. കടുത്ത വേനല്‍ ചൂടും നിര്‍ജലീകരണവുമാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഏപ്രില്‍ 23ന് ഉദയ് എന്ന പേരുള്ള ആണ്‍ ചീറ്റയേയും ചത്ത നിലയില്‍ കണ്ടെത്തി. ഹൃദയ സംബന്ധമായ രോഗമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വൃക്കരോഗം ബാധിച്ച് സാഷയും: മാര്‍ച്ച് 27ന് പാര്‍ക്കിലെ സാഷ എന്ന് പേരുള്ള പെണ്‍ ചീറ്റ ചത്തിരുന്നു. വൃക്കരോഗം മൂര്‍ച്ഛിച്ചതാണ് മരണത്തിന് കാരണമായത്. പാര്‍ക്കില്‍ നിരന്തരം ചീറ്റകള്‍ ചത്തതിന്‍റെ കൃത്യമായ കാരണം കണ്ടെത്താന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. മരണ കാരണം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ അനിശ്ചിതത്വത്തിലാണ്. സൂരജിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി തങ്ങള്‍ കാത്തിരിക്കുകയാണ്. മരണ കാരണം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാര്‍ക്കിലേക്ക് ചീറ്റകളെയെത്തിച്ചത് 2 തവണ: 2022 സെപ്‌റ്റംബര്‍ 17നാണ് ആദ്യമായി കുനോ പാര്‍ക്കിലേക്ക് ചീറ്റ പുലികളെ എത്തിക്കുന്നത്. അഞ്ച് പെണ്ണും മൂന്ന് ആണ്ണും അടക്കം എട്ട് നമീബിയന്‍ ചീറ്റകളെയാണ് കുനോ പാര്‍ക്കിലെത്തിച്ചത്. ഇതിന് ശേഷം 2023 ഫെബ്രുവരിയിലും പാര്‍ക്കിലേക്ക് ചീറ്റകളെ എത്തിച്ചിരുന്നു. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളും അടക്കം 12 ചീറ്റകളെയാണ് രണ്ടാമതായി ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോ പാര്‍ക്കിലെത്തിച്ചത്.