ന്യൂഡല്‍ഹി : മാലദ്വീപ് മന്ത്രിമാര്‍ ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഇന്ത്യയിലെ മാലദ്വീപ് പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചതായി റിപ്പോര്‍ട്ട് (Maldivian envoy summoned to MEA on India Maldives diplomatic row). പ്രധാനമന്ത്രി മോദിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ ആക്ഷേപ പരാമര്‍ശം (x post against modi). സംഭവത്തില്‍ മൂന്ന് ഉപമന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ ഇന്നലെ (ജനുവരി 7) സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
പ്രധാനമന്ത്രി തന്‍റെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ എക്‌സില്‍ പങ്കുവച്ച പോസ്റ്റിനെ അധികരിച്ചായിരുന്നു മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മാലദ്വീപിന് ബദല്‍ വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റാനുള്ള നീക്കമാണെന്നായിരുന്നു മന്ത്രിമാരുടെ പോസ്റ്റ്. യുവജന മന്ത്രാലയത്തിലെ ഉപമന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷെരീഫ്, അബ്‌ദുല്ല മഹ്‌സൂം മജിദ് എന്നിവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആക്ഷേപകരമായ ഭാഷയില്‍ വിമര്‍ശനം രേഖപ്പെടുത്തുകയായിരുന്നു.
നരേന്ദ്ര മോദി കോമാളി ആണെന്നും ഇസ്രയേലിന്‍റെ കളിപ്പാവ ആണെന്നും അടക്കം മന്ത്രി മറിയം ഷിയുന പരാമര്‍ശിക്കുകയുണ്ടായി. ഇത് മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് വിശദീകരിക്കുകയാണ് മാലദ്വീപ് സര്‍ക്കാര്‍ ചെയ്‌തത്. വിഷയത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇന്നലെ തന്നെ വിഷയം മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തോട് ശക്തമായി ഉന്നയിച്ചതായാണ് ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ മന്ത്രിമാരുടെ പരാമര്‍ശത്തില്‍ മാലദ്വീപ് സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മിഷന് നല്‍കിയ വിശദീകരണം.
ഇന്ത്യയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് മാലദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ വഴിവച്ചത്. സോഷ്യൽ മീഡിയയിൽ മാലദ്വീപ് ബഹിഷ്‌കരിക്കുക (#BoycottMaldives) എന്ന നിലവില്‍ ഹാഷ്‌ടാഗ് ട്രെൻഡിങ്ങിലാണ്. നടന്‍ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ എബ്രഹാം, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി ബോളിവുഡ്, കായിക താരങ്ങള്‍ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം എന്ന പ്രതികരണവുമായി രംഗത്തെത്തി.
Also Read: ഇന്ത്യക്കും മോദിക്കുമെതിരെ അധിക്ഷേപ പോസ്റ്റ്; മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്‌ത് മാലദ്വീപ്
സെലിബ്രിറ്റികള്‍ എക്‌സില്‍ എത്തി, മാലദ്വീപിലേക്ക് വിനോദ സഞ്ചാരം നടത്തുന്നതിന് പകരം ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചില ഇന്ത്യക്കാര്‍ മാലദ്വീപിലേക്ക് നടത്താനിരുന്ന യാത്രകള്‍ റദ്ദുചെയ്‌തതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.