നാളേറെയായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ (Mohanlal) ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ' (Malaikottai Vaaliban). പ്രഖ്യാപനം മുതല്‍ ഓരോ പുതിയ അപ്‌ഡേറ്റുകളും ആഘോഷമാക്കുന്ന ആരാധകര്‍ വാലിബന്‍റെ റിലീസിനുള്ള കാത്തിരിപ്പിലായിരുന്നു നാളിത്രയും.
എന്നാല്‍ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 2024 ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുക. 'മലൈക്കോട്ടൈ വാലിബൻ' സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിലാണ് സിനിമയുടെ റിലീസ് തീയതി മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
- " class="align-text-top noRightClick twitterSection" data="">
മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഗ്ലിംപ്‌സ് വീഡിയോയും മലൈക്കോട്ടൈ വാലിബന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇവ രണ്ടും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചതിന് പിന്നാലെ, സിനിമയുടെ റിലീസ് തീയതി കൂടി എത്തിയതോടെ പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കി.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവ്സ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് വാലിബന്‍റെ നിർമാതാക്കൾ.
രാജസ്ഥാന്‍ ആയിരുന്നു സിനിമയുടെ പ്രധാനം ലൊക്കേഷന്‍. 130 ദിവസങ്ങളിലായി രാജസ്ഥാന്‍, പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം നടന്നത്.
Also Read: ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ : മോഹന്‍ലാല്‍
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ബംഗാളി നടി കഥ നന്ദി, സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സേഠ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. ഇവരെ കൂടാതെ മണികണ്‌ഠന്‍ ആചാരി, ഹരീഷ് പേരടി, രാജീവ് പിള്ള, മനോജ് മോസസ് എന്നിവരും അണിനിരക്കും. വിദേശ താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.
പി എസ് റഫീക്കാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. ലിജോ ജോസ് ആണ് ഛായാഗ്രഹണം. 'ചുരുളി'ക്ക് ശേഷം മധു നീലകണ്‌ഠന്‍ വീണ്ടും ലിജോ ജോസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം.
'മലൈക്കോട്ടൈ വാലിബന്‍' വളരെ വ്യത്യസ്‌തമായ ചിത്രമാകുമെന്ന് നേരത്തെ മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ഇത് ലിജോ ജോസിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
'ലിജോ ജോസ് എന്താണ് എന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. നമ്മളെന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെ ആണ് അറിയേണ്ടത്. മലൈക്കോട്ടൈ വാലിബന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണം ആയിരുന്നു.
കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നു പോയി. എന്നാല്‍ അതെല്ലാം നാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങള്‍ ഒക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്‌തമായ ചിത്രമാവും. എന്നെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചതിന് നന്ദി' -ഇപ്രകാരമാണ് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പറഞ്ഞത്.