മുംബൈ : എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് ശരദ് പവാര്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് ഈ തീരുമാനം. ആത്മകഥയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രകാശന ചടങ്ങില്‍വച്ചായിരുന്നു പവാര്‍ തന്‍റെ രാജി പ്രഖ്യാപിച്ചത്.
പവാറിന്‍റെ രാജി എൻസിപി കോർ കമ്മിറ്റി തള്ളിയിരുന്നു. പിന്നാലെയാണ് അദ്ദേഹം പദവിയില്‍ തുടരുമെന്ന വിവരം പുറത്തുവന്നത്. രാജിതീരുമാനം പുനർവിചിന്തനം ചെയ്യാൻ ശരദ് പവാര്‍ രണ്ടോ മൂന്നോ ദിവസം എടുത്തേക്കുമെന്ന് അജിത് പവാര്‍ മെയ് രണ്ടിന് വിശദീകരിച്ചിരുന്നു.
രാജി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിലെ അതികായന്‍റെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) കോർ കമ്മിറ്റി ചേര്‍ന്നിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ സമിതിയെ നിയോഗിച്ചെന്നും എൻസിപി വൈസ് പ്രസിഡന്‍റ് പ്രഫുൽ പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, പാർട്ടി സ്ഥാപകന്‍ തന്നെ തലപ്പത്ത് തുടരണമെന്നായിരുന്നു കോര്‍ കമ്മിറ്റി അഭിപ്രായം. ഇതേത്തുടര്‍ന്നാണ് ശരദ് പവാര്‍ തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് കമ്മിറ്റി പ്രമേയം പാസാക്കിയത്.