താനെ: പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട ഉടനെ ബോഗിക്കുള്ളിലേക്ക് കുട്ടികള്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ ഇരച്ചുകയറുന്നു. ശേഷം, യാത്രക്കാരെ കത്തിമുനയിൽ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് സാധനസാമഗ്രികള്‍ കൊള്ളയടിക്കുന്നു. കേള്‍ക്കുമ്പോള്‍ സിനിമാരംഗത്തെ അനുസ്‌മരിപ്പിക്കുമെങ്കിലും മഹാരാഷ്‌ട്രയിലെ താനെയില്‍ നടന്ന സംഭവമാണിത്.
ചൊവ്വാഴ്‌ച (ഡിസംബര്‍ ആറ്) അഞ്ച് മണിയോടെ മുംബൈയിലേക്കുള്ള ദേവഗിരി എക്‌സ്‌പ്രസ് ട്രെയിനിലാണ് സിനിമയെ വെല്ലുന്ന രംഗമുണ്ടായത്. സംഭവത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ ഔറംഗാബാദ് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞെങ്കിലും വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടില്ല.
പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍: ഒന്നര മണിക്കൂറോളം നാടകീയ രംഗങ്ങള്‍ നീണ്ടുനിന്നതോടെ യാത്രക്കാരില്‍ ചിലര്‍ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന്, ട്രെയിന്‍ താനെ കല്യാൺ റെയിൽവേ സ്റ്റേഷനില്‍ എത്തിയ ഉടന്‍ റെയില്‍വേ പൊലീസ് പ്രതികളിൽ ചിലരെ പിടികൂടുകയായിരുന്നു. താനെ, ദാദർ റെയിൽവേ സ്റ്റേഷനുകൾക്കിടയില്‍ വച്ചാണ് പ്രതികളെ അറസ്റ്റുചെയ്‌തതെന്ന് കല്യാണ്‍ റെയിൽവേ പൊലീസ് സീനിയർ ഇൻസ്‌പെക്‌ടര്‍ മുകേഷ് ധാഗെ പറഞ്ഞു.
ഭരണഘടന ശില്‍പി ഡോ. ബാബ സാഹേബ് അംബേദ്‌ക്കറുടെ ചരമവാർഷിക ദിനത്തിൽ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ദാദറിലേക്ക് പോയവരാണ് മോഷണത്തിന് ഇരയായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സായുധ കവർച്ച ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. ഇവരെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.