പൽഘർ (മഹാരാഷ്‌ട്ര): ആദിവാസി യുവതി(21) വനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ ജവഹർ താലൂക്കിലെ ഐന ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്‌ച(10.09.2022) അർധരാത്രി യുവതിക്ക് പ്രസവ വേദന ആരംഭിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ 3 മണിയോടെ അടുത്തുള്ള ആശുപത്രിയിലേക്ക് യുവതിയെ എത്തിക്കാൻ ഗ്രാമവാസികൾ ശ്രമിച്ചു.
എന്നാൽ, ആശുപത്രിയിലേക്ക് എത്തിക്കാൻ റോഡോ മറ്റ് ഗതാഗത മാർഗങ്ങളോ ഇല്ലാത്തതിനാൽ വനത്തിലൂടെ കമ്പിൽ തുണി കൊണ്ട് കെട്ടി രൂപപ്പെടുത്തിയ സ്‌ട്രെച്ചറിൽ യുവതിയേയും എടുത്ത് അഞ്ച് കിലോമീറ്ററോളം ഗ്രാമവാസികൾ നടന്നു. യുവതിയെ വനത്തിലൂടെ കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടർന്ന് വനത്തിൽവച്ച് യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
ഞായറാഴ്‌ച(11.09.2022) പുലർച്ചെ അമ്മയേയും കുഞ്ഞിനേയും ജവഹർ പതംഗ്ഷാ സബ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ രാംദാസ് പറഞ്ഞു. കഴിഞ്ഞ മാസം മൊഖാഡ താലൂക്കിലെ ഗ്രാമത്തിലും സമാന സംഭവമുണ്ടായി. മെഡിക്കൽ സെന്‍ററിൽ എത്തിക്കാൻ വൈകിയതിനാൽ 26കാരിയുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായില്ല.
വിദൂര പ്രദേശങ്ങളിലെ ഗ്രാമങ്ങൾക്ക് ശരിയായ റോഡ് കണക്റ്റിവിറ്റി ഇല്ലെന്ന് പാൽഘർ ജില്ല പരിഷത്ത് പ്രസിഡന്‍റ് വൈദേഹി വധൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനും നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: പരീക്ഷ എഴുതണം, നദി കടക്കാന്‍ മാര്‍ഗമില്ല; ഒടുവില്‍ നദി നീന്തിക്കടന്ന് വിദ്യാര്‍ഥിനി