മുംബൈ : എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി, വിമത നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. എന്‍സിപി വിട്ട് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ മന്ത്രിമാരായി ചുമതലയേറ്റ എട്ട് പേരും പുറമെ എൻസിപി മുന്‍ വർക്കിങ് പ്രസിഡന്‍റ് പ്രഫുൽ പട്ടേലും അജിത്തിനൊപ്പം ഉണ്ടായിരുന്നു. ദക്ഷിണ മുംബൈയിലെ യശ്വന്ത്റാവു ചവാൻ സെന്‍ററിലെത്തിയാണ് ഇവര്‍ ശരദ് പവാറിനെ കണ്ടത്.
ഛഗൻ ഭുജ്ബൽ, ഹസൻ മുഷ്രിഫ്, ദിലീപ് വാൽസെ പാട്ടീൽ, അദിതി തത്കരെ, ധനഞ്ജയ് മുണ്ടെ തുടങ്ങിയ മന്ത്രിമാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 'മുന്‍കൂട്ടി തീരുമാനിച്ചുള്ള മീറ്റിങ്ങല്ല ഇപ്പോള്‍ നടന്നത്. യശ്വന്ത്റാവു ചവാൻ സെന്‍ററില്‍ പവാർ ഉണ്ടെന്നറിഞ്ഞപ്പോൾ പുതുതായി ചുമതലയേറ്റ മുഴുവന്‍ മന്ത്രിമാരും അദ്ദേഹത്തെ കാണാന്‍ ചെല്ലുകയായിരുന്നു. ബഹുമാന്യനായ ശരദ് പവാറിന്‍റെ അനുഗ്രഹം വാങ്ങാനാണ് ഞങ്ങളെല്ലാം അദ്ദേഹത്തെ നേരിട്ടുകണ്ടത്'- അജിത് പവാര്‍ പക്ഷത്തെ മുതിര്‍ന്ന നേതാവ് പ്രഫുൽ പട്ടേൽ, യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'ഭിന്നത ഒരു വസ്‌തുത; ഞങ്ങള്‍ പവാറിനൊപ്പം തന്നെ' : 'എന്‍സിപി ഒരുമിച്ച് നില്‍ക്കണമെന്ന് ഞങ്ങള്‍ പവാറിനോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹം ഇക്കാര്യത്തില്‍ ഒന്നും മിണ്ടിയില്ല. ഞങ്ങളുടെ അഭ്യർഥന കേട്ടിരിക്കുക മാത്രമാണ് അദ്ദേഹം ചെയ്‌തത്' - പ്രഫുൽ പട്ടേൽ കൂട്ടിച്ചേര്‍ത്തു. അതേസമയം, ശരദ് പവാർ പക്ഷത്തുള്ളവര്‍ ആരും തന്നെ ഷിന്‍ഡെ സർക്കാരിന്‍റെ ഭാഗമല്ലെന്ന് മഹാരാഷ്‌ട്ര എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ പറഞ്ഞു. 'ഞങ്ങൾ ആരും സർക്കാരിന്‍റെ ഭാഗമല്ല. ചിലർ ഞങ്ങളുടെ പാർട്ടിയിൽ നിന്ന് എതിര്‍ചേരിയിലേക്ക് പോവുകയും അവർ സർക്കാരിനെ പിന്തുണയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. പക്ഷേ, ഞങ്ങൾ അവരെപ്പോലെ സർക്കാരിന്‍റെ ഭാഗമാവാന്‍ പോയില്ല'- ജയന്ത് പാട്ടീൽ വിഷയത്തില്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
'ഞങ്ങളുടെ പാർട്ടിയിൽ ഭിന്നത സംഭവിച്ചുവെന്നത് ഒരു വസ്‌തുതയാണ്. അക്കാര്യം ഞങ്ങള്‍ മറച്ചുവയ്‌ക്കുന്നില്ല. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഞങ്ങളെല്ലാവരും ശിവസേനയ്ക്കും (ഉദ്ധവ് താക്കറെ പക്ഷം) കോൺഗ്രസിനും ഒപ്പമാണ് നിയമസഭയില്‍ തുടര്‍ന്നുപോരുന്നത്'- ജയന്ത് പാട്ടീൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
അജിത്തിന് മറുപടിയുമായി പവാര്‍ : സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന അജിത് പവാറിന്‍റെ നിർദേശത്തിനെതിരെ പരിഹാസവുമായി എൻസിപി നേതാവ് ശരദ് പവാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പ്രായത്തെ പരാമർശിച്ചുകൊണ്ടായിരുന്നു പവാറിന്‍റെ പരിഹാസം. മൊറാർജി ദേശായി ഏത് പ്രായത്തിലാണ് പ്രധാനമന്ത്രിയായതെന്ന് അറിയാമോയെന്നും തനിക്ക് പ്രധാനമന്ത്രിയാകാനോ മന്ത്രിപദവിയിലെത്താനോ ആഗ്രഹമില്ലെന്നും ജനങ്ങളെ സേവിക്കാൻ മാത്രമാണ് താത്‌പര്യപ്പെടുന്നതെന്നും 82 കാരനായ ശരദ് പവാർ തിരിച്ചടിച്ചു.
തനിക്ക് പ്രായാധിക്യം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ പവാർ മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ വാക്കുകളും മറുപടി നൽകാൻ കടമെടുത്തിരുന്നു. 'ഞാൻ ക്ഷീണിതനോ വിരമിച്ചവനോ അല്ല' എന്നായിരുന്നു വാജ്‌പേയിയുടെ ആ വാക്കുകൾ. എൻസിപി പിളർന്ന ശേഷം സംസ്ഥാനത്ത് അജിത് പവാർ - ശരദ് പവാർ പോരാട്ടം ശക്തിപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. അതിന് അയവ് വരുമോ എന്നാണ് ഇന്നത്തെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം രാജ്യം ഉറ്റുനോക്കുന്നത്.