മുംബൈ : മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങൾ അവസാന ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചതോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ശിവസേനയും എൻസിപിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഇല്ലെന്ന് ഉറപ്പായതോടെയാണ് ഉദ്ധവ് രാജിവച്ചത്.
അതേസമയം സർക്കാർ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾക്കായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ഗവർണറെ കണ്ടേക്കും. ഉദ്ധവ് രാജിവച്ചതിന് പിന്നാലെ ഇന്ന് നടക്കേണ്ടിയിരുന്ന വിശ്വാസ വോട്ടെടുപ്പ് ഒഴിവായതോടെയാണ് ബിജെപി സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കുന്നത്. ബുധനാഴ്‌ച സംസ്ഥാനത്തെ മുഴുവൻ ബിജെപി എംഎൽഎമാരും നഗരത്തിലെ പ്രസിഡന്‍റ് ഹോട്ടലിലേക്ക് എത്തിയിരുന്നു.
അതിനിടെ ഗോവയിലുള്ള ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത സംഘത്തോട് ഇപ്പോൾ മുംബൈയിലേക്ക് എത്തേണ്ട എന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാദിവസം എത്തിയാൽ മതിയെന്നാണ് നിർദേശം. അതേസമയം രാജിവച്ചതിന് പിന്നാലെ ശിവസേന പ്രവർത്തകരെ വൈകാരികമായി ഉണർത്താനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറെ.
ശിവസേനയെ പുനരുജ്ജീവിപ്പിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ഇനി ഉദ്ധവിന് മുന്നിലുള്ളത്. ഇതിന്‍റെ ഭാഗമായി പാര്‍ട്ടിയുടെ വർഷങ്ങളായുള്ള ലക്ഷ്യമായിരുന്ന, ഔറംഗബാദ്, ഉസ്‌മാനാബാദ് എന്നീ സ്ഥലങ്ങളുടെ പേരുമാറ്റം, അവസാന നടപടികളിലൊന്നായി ഉദ്ധവ് പ്രഖ്യാപിച്ചിരുന്നു.