മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങൾക്കിടെ വിമത നേതാവ് എക്‌നാഥ് ഷിൻഡെയ്‌ക്ക് എതിരെ പുതിയ കരുനീക്കവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത പക്ഷത്തിനൊപ്പം ചേർന്ന ഒമ്പത് മന്ത്രിമാരുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് ഉദ്ധവ് താക്കറെ കൈമാറി. ഭരണ സൗകര്യത്തിനായി വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറുകയാണെന്നാണ് ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞിരിക്കുന്നത്.
എക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിൽ നിലവിൽ ഒമ്പത് മന്ത്രിമാരാണ് ചേർന്നത്. ഷിൻഡെയ്‌ക്ക് പുറമെ, ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ, സന്ദീപൻ ഭുംരെ എന്നിവരാണ് ഗുവാഹത്തിയിലുള്ള മറ്റ് മന്ത്രിമാർ. എക്‌നാഥ് ഷിൻഡെയുടെ നഗരവികസനം, പൊതുമരാമത്ത് വകുപ്പ് സുഭാഷ് ദേശായിക്ക് കൈമാറി.
ഉദയ് സാമന്തിന്‍റെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആദിത്യ താക്കറെയ്‌ക്കും, സന്ദീപൻ ആശാറാം ഭൂമാരെയുടെ തൊഴിൽ വകുപ്പ്, ഹോർട്ടികൾച്ചർ എന്നിവ ശങ്കര്‍ യശ്വന്ത്‌റാവു ഗഡഖിനും നൽകി. ഗുലാബ്‌റാവു പാട്ടീലിന്‍റെ ജലവിതരണ-ശുചീകരണ വകുപ്പ് അനിൽ പരബിനും ദാദാജി ഭൂസെയുടെ കൃഷി വകുപ്പ് സന്ദീപൻ റാവു ഭുമ്രെയ്‌ക്കും നൽകി.
മന്ത്രിമാരായ ശംഭുരാജ് ദേശായി, രാജേന്ദ്ര പാട്ടീൽ, അബ്‌ദുൾ സത്താർ, ഓംപ്രകാശ് കാഡു എന്നിവരുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് അനുവദിച്ചു. 38 ശിവസേന എംഎൽഎമാർ പിന്തുണ പിൻവലിച്ചതിനാൽ മഹാ വികാസ് അഘാഡി സഖ്യത്തിന് സഭയിൽ ഭൂരിപക്ഷം നഷ്‌ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വിമത നേതാവ് എക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ വകുപ്പുകൾ എടുത്തുമാറ്റാനുള്ള തീരുമാനം.
നിയമസഭ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഷിൻഡെയെ മാറ്റി ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതിനെയും ഡെപ്യൂട്ടി സ്‌പീക്കർ നൽകിയ അയോഗ്യത നോട്ടിസിനെയും ചോദ്യം ചെയ്‌താണ് ഷിൻഡെ ഹർജി സമർപ്പിച്ചിരിക്കുന്നത്.