മുംബൈ : മോദി സർക്കാര്‍ ഏഴ് വർഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്. രാജ്യത്ത് കറുത്ത ഭരണമാണ് നടക്കുന്നതെന്നും ഇന്ന് സംസ്ഥാനവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലെ അറിയിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‍റെ ഏഴ് വർഷത്തെ ഭരണത്തിൻ കീഴിൽ രാജ്യം 25 വർഷം പിന്നോട്ടുപോയി. ജനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരിടുന്നത്. 70 വർഷം കൊണ്ട് കോൺഗ്രസ് സർക്കാർ ലോകത്തെ സമ്പന്നവും ആത്മാഭിമാനമുള്ളതുമായ രാജ്യമായി മാറ്റിയ ഇന്ത്യയെ മോദി ഏഴുവർഷം കൊണ്ട് തകർത്തെന്നും പട്ടോലെ ആരോപിച്ചു.
Also Read: രമേശ് ചെന്നിത്തല കത്ത് വിവാദം; ആരോപണങ്ങള്‍ തള്ളി ഉമ്മൻചാണ്ടി
മോദിക്ക് തന്‍റെ വാഗ്‌ദാനങ്ങളൊന്നും പാലിക്കാൻ കഴിഞ്ഞില്ല, പ്രതിവർഷം രണ്ട് കോടി ജോലികൾ, ഓരോ അക്കൗണ്ടിലും 15 ലക്ഷം രൂപ, കർഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, കള്ളപ്പണം ഇല്ലാതാക്കല്‍, 100 ദിവസത്തിനുള്ളിൽ വിലക്കയറ്റം നിയന്ത്രിക്കല്‍ എന്നീ പ്രഖ്യാപനങ്ങളൊന്നും നിറവേറ്റിയിട്ടില്ല. ഏഴുവര്‍ഷമായി സാധാരണക്കാര്‍ വിലക്കയറ്റത്താല്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.