ഛത്രപതി സംഭാജി നഗർ: മഹാരാഷ്‌ട്രയില്‍, ലിഫ്റ്റിൽ കയറി കളിക്കുന്നതിനിടെ തല വാതിലില്‍ അകപ്പെട്ട് 13കാരന് ദാരുണാന്ത്യം. ഛത്രപതി സംഭാജിനഗറിലെ ജിൻക്‌സി മേഖലയിലാണ് സംഭവം. സാഖിബ് സിദ്ദിഖിയാണ് മരിച്ചത്.
മെയ് 14ന് രാത്രി ഒന്‍പതരയ്‌ക്കാണ് സംഭവം. മുത്തശ്ശിയുടെ ഫ്ലാറ്റിന്‍റെ മൂന്നാം നിലയിലെ ലിഫ്‌റ്റില്‍ കയറി കളിക്കുന്നതിനിടെ കുട്ടി തല വാതിലിന്‍റെ പുറത്തോട്ട് ഇട്ടു. ഈ സമയം മുകളിലോട്ട് ലിഫ്‌റ്റ് ഉയരുകയും ബാലന്‍റെ കഴുത്ത് മുറിഞ്ഞ് തലയും ശരീരവും വേര്‍പ്പെട്ടു. സംഭവത്തിൽ ജിൻക്‌സി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവം നടന്നയുടനെ ആളുകള്‍ ഓടിക്കൂടിയെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല.
ജിൻക്‌സി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടര്‍ അശോക് ഭണ്ഡാരി സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സാഖിബിന്‍റെ പിതാവ് ടൂർസ് ആൻഡ് ട്രാവൽസ് സ്ഥാപനം നടത്തുന്നയാളാണ്. ഇയാളുടെ മാതാപിതാക്കൾ അടുത്തിടെ ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലേക്ക് പോയിരുന്നു. ഈ സമയമാണ് കുട്ടി മുത്തശ്ശിയുടെ വീട്ടിലെത്തിയത്. കട്‌കാത്ത് ഗേറ്റ് പ്രദേശത്തെ ഹയാത്ത് ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലാണ് ദാരുണ സംഭവം.