മുംബൈ: സംസ്ഥാനത്ത് ചൂട് വര്‍ധിച്ചതും ഉഷ്ണതരംഗം കണക്കിലെടുത്തും ഉച്ച മുതൽ വൈകുന്നേരം അഞ്ച് വരെ തുറസ്സായ സ്ഥലങ്ങളിലുള്ള പൊതുപരിപാടികള്‍ നിരോധിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍. കഴിഞ്ഞദിവസം മഹാരാഷ്‌ട്ര നവി മുംബൈയിലെ ഖർഘറിൽ വച്ച് നടന്ന മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത 14 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. ഖർഘർ ഏരിയയിലെ ഇന്റർനാഷണൽ കോർപ്പറേറ്റ് പാർക്കിൽ കത്തുന്ന വേനൽ ചൂടില്‍ പരിപാടിയില്‍ പങ്കെടുത്ത പത്ത് സ്‌ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്.
അപകടമുണ്ടായത് ഇങ്ങനെ: ഏപ്രില്‍ 16 ന് റായ്ഗഡ് ജില്ലയിലെ 306 ഏക്കർ ഗ്രൗണ്ടിൽ നടന്ന 'മഹാരാഷ്‌ട്ര ഭൂഷൺ' അവാർഡ് ദാന ചടങ്ങിലാണ് അപകടമുണ്ടായത്. ആത്മീയ നേതാവായ അപ്പാസാഹേബ് ധർമ്മാധികാരിക്ക് അവാര്‍ഡ് സമര്‍പ്പിക്കാനായി വിളിച്ചുചേര്‍ത്ത ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി കപിൽ പാട്ടീൽ എന്നിവർ പങ്കെടുത്തിരുന്നു. വൃക്ഷത്തൈ നടീൽ, രക്തദാനം, മെഡിക്കൽ ക്യാമ്പുകൾ, ആദിവാസി മേഖലകളിലെ ഡീ അഡിക്ഷൻ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായ അപ്പാസാഹേബിന്‍റെ ആയിരക്കണക്കിന് അനുയായികളും പരിപാടി കാണാന്‍ ഒത്തുകൂടിയിരുന്നു. പരിപാടി പുരോഗമിക്കവെ ചിലർ തലകറക്കവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പരാതിപ്പെട്ടു. ഈ സമയം ചിലർ തളർന്നു വീഴുകയുമുണ്ടായി. ഇവരെ ആദ്യം ഷിഫ്റ്റ് മെഡിക്കൽ സൗകര്യങ്ങളിൽ ചികിത്സിക്കുകയും പിന്നീട് ആശുപത്രികളിലെത്തിക്കുകയും ചെയ്യുകയായിരുന്നു.
നഷ്‌ടപരിഹാരവും ചികിത്സാസഹായവുമായി: ചടങ്ങ് നടന്ന പ്രദേശത്ത് 38 ഡിഗ്രി സെൽഷ്യസായിരുന്നു താപനില രേഖപ്പെടുത്തിയിരുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചിരുന്നു. സൂര്യാഘാതമേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ സൗജന്യമായിരിക്കുമെന്നും ചികിത്സ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ രോഗികളെ സ്‌പെഷ്യലൈസ്‌ഡ് ആശുപത്രികളിലേക്ക് മാറ്റാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും: അതേസമയം വർദ്ധിച്ചുവരുന്ന താപനിലക്കിടയിൽ ചടങ്ങ് സംഘടിപ്പിച്ച മഹാരാഷ്‌ട്ര സർക്കാരിന്‍റെ യുക്തിയെ ചോദ്യം ചെയ്‌ത് പ്രതിപക്ഷവും രംഗത്തെത്തി. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രീയ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നും ദുരിതബാധിതർക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിലാണ് തന്‍റെ മുൻഗണനയെന്നും ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു. കൂടാതെ പൻവേൽ മുനിസിപ്പൽ കോർപറേഷനിലെ ഒരു ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ രോഗികളുടെ ബന്ധുക്കളെയും മെഡിക്കൽ ടീമിനെയും ഏകോപിപ്പിക്കാനും സമയബന്ധിതമായി അപ്‌ഡേറ്റുകൾ നൽകാനും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടി വിജയകരമായി നടക്കുകയും ചെയ്‌തു. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാനെത്തിയവരിൽ ചിലർക്ക് ബുദ്ധിമുട്ട് നേരിട്ടു എന്നത് വേദനാജനകമാണെന്നും ഇത് വളരെ ദൗർഭാഗ്യകരമായ സാഹചര്യമാണ് എന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
Also Read: മഹാരാഷ്‌ട്രയിൽ സൂര്യാഘാതമേറ്റ് 11 മരണം; മരിച്ചത് അമിത് ഷാ പങ്കെടുത്ത അവാർഡ് ദാന ചടങ്ങിനെത്തിയവര്‍