മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്‌പീക്കറായി ബിജെപിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു. 164 പേരാണ് നർവേക്കറെ പിന്തുണച്ചത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാർഥി രാജൻ സാൽവിയെ പരാജയപ്പെടുത്തിയാണ് രാഹുൽ നർവേക്കർ നിയമസഭ സ്‌പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സാൽവിക്ക് 107 വോട്ടുകളാണ് ലഭിച്ചത്. 88 അംഗ സഭയുടെ രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്നാരംഭിച്ചു. സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ നാളെ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നേരിടും.
പുതിയ മന്ത്രിയസഭ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശ്വാസവോട്ടെടുപ്പിന് ശേഷം ഉണ്ടായേക്കും. ഷിൻഡെയെ പിന്തുണക്കുന്ന വിമത എംഎല്‍എമാര്‍ ഇന്നലെ തന്നെ ഗോവയില്‍ നിന്നും മുംബൈയിലെത്തിയിരുന്നു. രാജന്‍ സാല്‍വിയെ പിന്തുണക്കണമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന വിപ്പ് നല്‍കിയെങ്കിലും, വിപ്പ് നിയമപരമല്ലെന്നായിരുന്നു പ്രതികരണം.
ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവയ്ക്കുകയായിരുന്നു. പിന്നീട് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.