മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾക്കിടയിൽ ഗുരുതരവും അപൂർവവുമായ ഫംഗസ് അണുബാധ പടരുന്നു. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് മൂലം മരണമടഞ്ഞത് രണ്ട് പേർ. ആറ് പേർ കൂടി ചികിത്സയിൽ. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ.
പ്രമേഹമുള്ളവരിലാണ് മ്യൂക്കോമൈക്കോസിസ് കൂടുതലായി കാണപ്പെടുന്നത്. അതിനാൽ തന്നെ കൊവിഡ് രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രമേഹമുള്ള കൊവിഡ് രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ്, ഭാഗികമായി കാഴ്ച നഷ്ടപ്പെടൽ എന്നിവയാണ് മ്യൂക്കോമൈക്കോസിസിന്‍റെ ലക്ഷണങ്ങൾ.
സംസ്ഥാനത്ത് രണ്ടായിരത്തിലധികം മ്യൂക്കോമൈക്കോസിസ് രോഗികളുണ്ടാകാമെന്നും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മ്യൂക്കോമൈക്കോസിസ് ബാധിതരുടെ എണ്ണം ഇനിയും വർധിക്കാമെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മെഡിക്കൽ കോളജുകളുമായി ബന്ധപ്പെട്ട ആശുപത്രികളെ മ്യൂക്കോമൈക്കോസിസിന്‍റെ ചികിത്സാ കേന്ദ്രങ്ങളായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും ടോപ്പെ പറഞ്ഞു.
മ്യൂക്കോമൈക്കോസിസ് രോഗികളുടെ ചികിത്സക്കായി സ്റ്റിറോയ്ഡ് അധികം ഉപയോഗിക്കരുതെന്ന അധികൃതരുടെ നിർദ്ദേശം പരിഗണിച്ച് കൊവിഡ് രോഗികളുടെ ചികിത്സക്കായി സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ തയാറാക്കാൻ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും ഷിൻഡെ നിർദ്ദേശിച്ചു.