ദുർഗ്: മഹാദേവ് വാതുവെപ്പ് ആപ്പ് തട്ടിപ്പിലെ പ്രതിയുടെ പിതാവിനെ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാദേവ് വാതുവെപ്പ് ആപ്പ് പ്രതികളിൽ ഒരാളായ അസിം ദാസിന്‍റെ പിതാവ് സുശീൽ ദാസിന്‍റെ (62) മൃതദേഹമാണ് ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ അച്ചോട്ടി ഗ്രാമത്തിലെ ഒരു കിണറ്റിൽ നിന്ന് കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്‌തിരുന്ന സുശീൽ ദാസിനെ കഴിഞ്ഞ ഞായറാഴ്‌ച വൈകുന്നേരം മുതൽ കാണാതായിരുന്നു.
തുടർന്ന് ചൊവ്വാഴ്‌ച (07.12.23) ഉച്ചയോടെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നെന്നും ആത്മഹത്യയാണെന്ന സംശയം ഉണ്ടെന്നും ദുർഗ് സീനിയർ പൊലീസ് സൂപ്രണ്ട് രാം ഗോപാൽ ഗാർഗ് പറഞ്ഞു. മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
also read : മഹാദേവ് ആപ്പ് അഴിമതി അന്വേഷിക്കാൻ ഇഒഡബ്ല്യു; 32 പേര്‍ക്കെതിരെ കേസ്
അസിം ദാസിനെയും മറ്റൊരു പ്രതിയായ കോൺസ്റ്റബിൾ ഭീം സിംഗ് യാദവിനെയും നവംബർ 3 ന് ED അറസ്റ്റ് ചെയ്‌തിരുന്നു. മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ക്യാഷ് കൊറിയർ ആണെന്ന് ആരോപിക്കപ്പെട്ടാണ് അസിം ദാസിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തിരുന്നത്. അസിം ദാസിന്‍റെ മൊഴിയിൽ നിന്ന് മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാരെകുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് ഇ ഡി അവകാശപ്പെടുന്നത്.
സ്ഥാനമൊഴിയുന്ന ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ഇതിൽ ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്. ഭൂപേഷ് ബാഗേലിന് ഇതുവരെ 508 കോടി രൂപ നൽകിയിട്ടുണ്ട്. ഈ ആരോപണങ്ങൾ കർശനമായി നിഷേധിക്കുകയും ബിജെപി ഇഡിയെ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ് ബാഗേൽ കുറ്റപ്പെടുത്തുകയാണെന്നും ഇഡി അറിയിച്ചു.