മുംബൈ: കൊവിഡ് വ്യാപനത്തിനെതിരെ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിക്കുമെന്ന് ഔറംഗാബാദിലെ വ്യാപാരികൾ. 'ബ്രേക്ക് ദി ചെയിൻ' എന്ന സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് പ്രകാരം എല്ലാ കടകളും ഏപ്രിൽ 30 വരെ അടച്ചിടാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഉത്തരവിൽ പ്രതിഷേധിച്ച് അതൃപ്തി പ്രകടിപ്പിച്ച മഹാരാഷ്ട്ര നാഭിക് മഹാമണ്ഡലിലെ പ്രവർത്തകർ ഏപ്രിൽ 22ന് തല മൊട്ടയടിച്ച് പ്രതിഷേധിക്കുമെന്നും ഏപ്രിൽ 14ന് തങ്ങളുടെ കടകൾക്ക് പുറത്ത് മണി മുഴക്കി പ്രതിഷേധം പ്രകടിപ്പിക്കുെമന്നും അറിയിച്ചു.
ഔറംഗാബാദ് ജിൽഹ വ്യാപാരി മഹാസംഗിന്‍റെ പ്രതിനിധികൾ ബുധനാഴ്ച ജില്ലാ കലക്ടറെ സന്ദർശിച്ച് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ''ഒന്നുകിൽ കടകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ അനുവദിക്കുക''എന്നായിരുന്നു അവർ മെമ്മറാണ്ടത്തിൽ ആവശ്യപ്പെട്ടിരുന്നത്. ജില്ലയിൽ 40,000ത്തോളം വ്യാപാരികളാണുള്ളത്. തങ്ങളുടെ ഉപജീവനമാർഗം നിലനിർത്താൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.