പൂനെ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് സാങ്‌ലിയിലെ ജനവാസ മേഖലയില്‍ കണ്ടെത്തിയ മുതലകളെ പിടികൂടാൻ നടപടി ആരംഭിച്ച് വനം വകുപ്പ്. ആറ് സ്ഥലങ്ങളില്‍ കെണി സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
മുതലകൾ ജനവാസ കേന്ദ്രത്തില്‍
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. പിന്നാലെ ജില്ലയിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നദികളില്‍ ജലനിരപ്പ് ഉയർന്നു. എന്നാല്‍ മഴ കുറഞ്ഞ് നദികളിലെ ജനനിരപ്പ് കുറഞ്ഞതോടെ ചില റോഡുകളിലും അഴുക്കുചാലുകളിലും വീടുകളുടെ മേൽക്കൂരയിലും മുതലകളെ കാണാൻ തുടങ്ങി ഇതാണ് ആശങ്കയ്‌ക്ക് കാരണം.
ഭിൽവാടി, മാൽവാഡി, ദിഗ്രാജ്, ഔഡംബർവാഡി, ചോപദേവാടി, ബ്രഹ്മനാൽ എന്നിവയുൾപ്പെടെ 15 ഓളം ഗ്രാമങ്ങളിലൂടെ ഒഴുകുന്ന നദിയില്‍ ഏറെ മുതലകളുണ്ടായിരുന്നു. ഈ മുതലകളാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ കരയിലെത്തിയത്.
നാട്ടുകാരുടെ പരാതി ലഭിച്ചതിന് പിന്നാലെ വനവകുപ്പ് ഉദ്യോഗസ്ഥർ, കാവൽക്കാർ, എൻജിഒകളിൽ നിന്നുള്ള അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ആളുകള്‍ക്ക് ഇവരെ വിളിക്കാം ഇതിനായി 1926 എന്ന ടോള്‍ ഫ്രീ നമ്പർ നല്‍കിയിട്ടുണ്ട്.
മുതലയുടെയോ മറ്റേതെങ്കിലും വന്യമൃഗത്തിന്‍റെയോ സാന്നിധ്യത്തെക്കുറിച്ച് ആരെങ്കിലും അറിയിച്ചാൽ, അടുത്തുള്ള കേന്ദ്രത്തിൽ നിന്നുള്ള സംഘം സ്ഥലത്തെത്തും.
also read: മഹാരാഷ്‌ട്ര വെള്ളപ്പൊക്കം : മരണം 164 ആയി