മുംബൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ മൂന്നാഴ്‌ച്ചയെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്‌ട്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാർ. രാത്രികാല കർഫ്യൂ നടത്തിയത് കൊണ്ട് കൊവിഡ് നിയന്ത്രിക്കാൻ സാധിക്കില്ല. കൂടുതൽ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും അതിനാൽ കൂടുതൽ ഡോക്‌ടർമാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റെയിൽവേ സ്‌റ്റേഷനിലും, മറ്റ് പൊതുസ്ഥലങ്ങളിലും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കിയാൽ സാമൂഹിക വ്യാപനവും ഒഴിവാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്‌ട്രയിൽ പുതിയതായി 56,286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32,29,547 ആയി.