മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് റെയ്‌ഗാഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 32 പേർ മരിച്ചു. മേഖലയിൽ നിന്നും 15 പേരെ രക്ഷപ്പെടുത്തിയതായി റെയ്‌ഗാഡ് കലക്‌ടർ നിധി ചൗദരി അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശത്തെ റോഡ് ഗതാഗതം തടസപ്പെട്ടു.
തലസ്ഥാനമായ മുംബൈയില്‍ കാലാവസ്ഥ വകുപ്പ് 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ രത്നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ അപകടകരമാം വിധം കരകവിഞ്ഞൊഴുകയാണ്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. മണ്ണിടിച്ചിലുണ്ടായ മഹദിലെ തലായ് ഗ്രാമത്തില്‍ രക്ഷാ പ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് 400 മുതൽ 500 വരെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കോസ്റ്റ് ഗാർഡും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടെങ്കിലും സംഭവ സ്ഥലത്ത് എത്താനായിട്ടില്ല. കാലാവസ്ഥ അനുകൂലമല്ലാത്തതാണ് രക്ഷാ പ്രവര്‍ത്തനം വൈകാന്‍ കാരണമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം.
ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരം ദേശീയ ദുരന്ത നിവാരണ സേന ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ രത്നഗിരി, ചിപ്ലൂണ്‍, കൊങ്കണിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.
ഉടന്‍ തന്നെ കൊങ്കണ്‍ മേഖലയിലേക്ക് നാവികസേന സംഘം പുറപ്പെടും. മഴയെത്തുടർന്ന് ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ 33 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും 51 എണ്ണം സര്‍വ്വീസ് അവസാനിപ്പിക്കുകയും ചെയ്തു. 48 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
read more:മഹാരാഷ്ട്രയിലെ തലായ് ഗ്രാമത്തില്‍ വന്‍ മണ്ണിടിച്ചിൽ; 400 ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു