മധുര: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ജയില്‍മോചിതരായ റോബർട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് മറുപടി നൽകാൻ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. നിലവിൽ ട്രിച്ചിയിലെ ശ്രീലങ്കന്‍ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ഇരുവരും ക്യാമ്പിൽ നിന്ന് മോചനം ആവശ്യപ്പെട്ടും വിദേശത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവസരവും തേടിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് നിര്‍ദേശം.
32 വർഷത്തെ ജയിൽവാസത്തിന് ശേഷം 2022 നവംബർ 11 ന് സുപ്രീംകോടതി വിട്ടയച്ച റോബര്‍ട്ട് പയസ് ഇപ്പോഴും ശ്രീലങ്കയിലെ പ്രത്യേക അഭയാർത്ഥി ക്യാമ്പിൽ തന്നെയാണുള്ളത്. ശ്രീലങ്കയിലേക്ക് നാടുകടത്തപ്പെടുമെന്ന ഭയവും ജീവഭയവും അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഭാര്യയ്‌ക്കും മകനുമൊപ്പം നെതര്‍ലന്‍ഡ്‌സിലുള്ള സഹോദരിയുടെ അടുത്ത് എത്തിച്ചേരാനും സ്വതന്ത്രമായി ജീവിക്കാനുമായാണ് പയസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ചെന്നൈയിലുള്ള കുടുംബത്തിനൊപ്പം ചേരാനുള്ള അനുമതിക്കായാണ് ജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജയകുമാറിന്‍റെ ഹര്‍ജിയില്‍ തമിഴ്‌നാട് സർക്കാരിന്‍റെ മറുപടി തേടിയ ജസ്‌റ്റിസ് സ്വാമിനാഥൻ, വാദം കേള്‍ക്കുന്നത് നവംബര്‍ 21 ലേക്ക് മാറ്റി.
രാജീവ് ഗാന്ധി കൊലക്കേസിലെ തന്നെ മറ്റൊരു പ്രതിയായ ശാന്തന്‍റെ ഹര്‍ജിയിലും മദ്രാസ് ഹൈക്കോടതി നേരത്തെ കേന്ദ്രത്തോട് വിശദീകരണം തേടി. സ്വദേശമായ ശ്രീലങ്കയിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. ജസ്റ്റിസുമാരായ ഡി. കൃഷ്‌ണ കുമാര്‍, പി ധനപാല്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശാന്തന്‍റെ ഹര്‍ജിയില്‍ വാദം കേട്ടതിന് പിന്നാലെയാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത്.
ശ്രീലങ്കന്‍ പൗരത്വമായതുകൊണ്ടുതന്നെ ക്യാമ്പില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമില്ല. 10 മാസമായി ക്യാമ്പില്‍ തുടരുകയാണെന്നും അതുകൊണ്ട് ശ്രീലങ്കയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് ശാന്തന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. അമ്മ രോഗശയ്യയിലാണെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും വേഗത്തില്‍ സ്വദേശത്തേക്ക് എത്തേണ്ടതുണ്ടെന്നും ശാന്തന്‍ ഹര്‍ജിയില്‍ അറിയിച്ചിരുന്നു. മാത്രമല്ല തന്നെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് അദ്ദേഹം നിവേദനം നല്‍കുകയും ചെയ്‌തിരുന്നു.
ന്യായമായ സമയ പരിധിക്കുള്ളില്‍, തന്നെ സ്വദേശത്തേക്ക് തിരിച്ചയക്കാത്തത് ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 14,21 എന്നിവയുടെ ലംഘനമാണെന്നും അതിനാല്‍ ശ്രീലങ്കയിലേക്ക്, തന്നെ തിരികെ അയക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ശാന്തന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതി കേന്ദ്രത്തോട് മറുപടി തേടിയത്.
എന്നാല്‍ ജയില്‍ മോചിതരായ സംഘം ശ്രീലങ്കയിലേക്ക് മടങ്ങുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന് നേരത്തെ കോടതിയെ അറിയിച്ചതാണെന്നും, ഇവര്‍ക്ക് ശ്രീലങ്കയാണ് പാസ്‌പോര്‍ട്ട് അനുവദിക്കേണ്ടതെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു.
Also Read: ഇനി സ്വതന്ത്രര്‍ ; രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി വിട്ടയച്ച ആറുപേരും ജയില്‍ മോചിതരായി