മധുര (തമിഴ്‌നാട്): ക്ഷേത്രപരിസരത്ത് മൊബൈല്‍ഫോണ്‍ വിലക്കി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായി അമ്പലപരിസരങ്ങളില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കണമെന്ന് ഹിന്ദു റിലീജിയസ് ആന്‍റ് ചാരിറ്റീസ് എന്‍ഡോവ്‌മെന്‍റ് വകുപ്പ് കമ്മിഷണറോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. തിരുച്ചെന്തൂരിലെ അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സീതാരാമന്‍ എന്നയാള്‍ നല്‍കി പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനും ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കാനും അമ്പലപരിസരത്ത് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്‌റ്റിസുമാരായ ആര്‍.മഹാദേവനും ജെ.സത്യനാരായണ പ്രസാദും അറിയിച്ചു. സെല്‍ഫോണുകളുടെയും ക്യാമറകളുടെയും ഉപയോഗം ഭക്തരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
മാത്രമല്ല മധുര മീനാക്ഷി അമ്മൻ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്രം, തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ മൊബൈൽ ഫോണുകൾക്ക് മുമ്പ് തന്നെ വിലക്കുള്ളതായും ചൂണ്ടിക്കാട്ടി തിരുച്ചെന്തൂർ ക്ഷേത്രത്തിലും അമ്പലം അധികൃതർക്ക് മൊബൈൽ ഫോൺ നിരോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും മാന്യമായ വസ്‌ത്രധാരണ രീതി പാലിക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍റ് ചാരിറ്റീസ് എന്‍ഡോവ്‌മെന്‍റ് വകുപ്പിനോട് നിര്‍ദേശിക്കുകയും ചെയ്‌തു.