ചെന്നൈ: വിവാഹം ഒരു വ്യക്തിയുടെ മൗലികാവകാശമാണ് എന്ന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൗരനുമായ യുവാവിനെ ഓണ്‍ലൈന്‍ മാര്‍ഗം വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി സ്വദേശി നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ നിരീക്ഷണം. ഓണ്‍ലൈനിലൂടെ ഇരുവര്‍ക്കും വിവാഹം ചെയ്യാനുള്ള അനുമതിയും കോടതി നല്‍കി.
വിവാഹം ചെയ്യാനുള്ള അവകാശം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ഈ അവകാശം ഫലവത്താകുന്ന തരത്തിൽ വേണം 1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ടിലെ വകുപ്പുകള്‍ 12, 13 എന്നിവ വ്യാഖ്യാനിക്കാനെന്ന് റിട്ട് ഹർജി പരിഗണിച്ച ശേഷം ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ പറഞ്ഞു. മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം നടത്തുന്നതിന് സൗകര്യമൊരുക്കാൻ സബ് രജിസ്‌ട്രാർക്ക് കോടതി നിർദേശം നൽകി.
'സ്‌പെഷ്യല്‍ മാര്യേജ് നിയമത്തിലെ വകുപ്പ് 12 (2) പ്രകാരം, കക്ഷികൾ തെരഞ്ഞെടുക്കുന്ന ഏത് രൂപത്തിലും വിവാഹം നടത്താനാകും. ഇവിടെ കക്ഷികൾ ഓൺലൈൻ മാര്‍ഗമാണ് തെരഞ്ഞെടുത്തത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കനുസരിച്ച് നിയമങ്ങളിലും മാറ്റമുണ്ടാകും, ഇവിടെ കക്ഷികളുടെ തെരഞ്ഞെടുപ്പ് അതിനാല്‍ തന്നെ നിയമപരമാണ്, ' ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ നിരീക്ഷിച്ചു.
ഓണ്‍ലൈന്‍ വിവാഹത്തിനായി റിട്ട് ഹര്‍ജി: വീഡിയോ കോൺഫറൻസിലൂടെ അമേരിക്കന്‍ പൗരനായ രാഹുൽ എൽ മധു എന്നയാളുമായി തന്‍റെ വിവാഹം നടത്താന്‍ കന്യാകുമാരി സബ് രജിസ്‌ട്രാർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വാസ്‌മി സുദർശിനി പി.എൻ എന്ന യുവതിയാണ് മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്. 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെന്നും വിവാഹ രേഖ നൽകണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരുന്നു. രണ്ട് കക്ഷികളും ഇന്ത്യൻ പൗരന്മാര്‍ ആയിരിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വിധിച്ചു.
ഹര്‍ജിക്കാരിയുടെ കൈവശം രാഹുല്‍ എല്‍ മധുവിന്‍റെ പവർ ഓഫ് അറ്റോണിയുണ്ട്. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ രാഹുല്‍ എല്‍ മധുവിനായി ഹര്‍ജിക്കാരി ഒപ്പിട്ടാല്‍ മതിയാകും. വിവാഹ ശേഷം സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ 13-ാം വകുപ്പ് പ്രകാരം ഹര്‍ജിക്കാരിക്ക് വിവാഹ രേഖ നല്‍കാനും കോടതി ഉത്തരവിട്ടു.
ഈ വര്‍ഷം മെയ് അഞ്ചിന് കന്യാകുമാരി സബ് രജിസ്റ്റാർ ഓഫിസില്‍ വാസ്‌മിയും രാഹുലും ഒരുമിച്ചെത്തി സ്‌പെഷ്യല്‍ മാര്യേജ് നിയമ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ജോയിന്‍റ് അപ്ലിക്കേഷന്‍ നല്‍കിയിരുന്നു. പിന്നാലെ വിവാഹത്തെ എതിര്‍ത്ത് രാഹുലിന്‍റെ അച്ഛനും മറ്റൊരാളും എത്തി. എന്നാല്‍ വിവാഹത്തെ എതിര്‍ക്കാനുള്ള കാരണങ്ങള്‍ യുക്തിസഹമല്ലെന്ന നിഗമനത്തില്‍ മാര്യേജ് ഓഫിസര്‍ എത്തിയിരുന്നു.
30 ദിവസത്തെ നിര്‍ബന്ധിത നോട്ടിസ് പീരിഡ് ജൂണ്‍ 12ന് അവസാനിച്ചു. തുടര്‍ന്ന് ഇരുവരും അടുത്ത ദിവസം സബ് രജിസ്റ്റാർ ഓഫിസില്‍ എത്തിയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാനായില്ല. വിസ കാലാവധി കഴിഞ്ഞതിനാല്‍ രാഹുലിന് അമേരിക്കയിലേക്ക് തിരികെ പോകേണ്ടി വന്നു. തുടർന്ന് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ടിലെ വകുപ്പ് 12 പ്രകാരം ഓണ്‍ലൈനിലൂടെ വിവാഹം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാസ്‌മി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Also read: 'ഗൂഗിള്‍ ട്രാന്‍സ്ലേഷന് നന്ദി' ; 8000 കിലോമീറ്റര്‍ താണ്ടി പട്രീഷ്യയെത്തി, കുന്തലിനെ സ്വന്തമാക്കാന്‍