രാജ്‌ഗഡ് (മധ്യപ്രദേശ്): ജയിലിലായിരിക്കെ മുസ്‌ലിം യുവാക്കളുടെ താടി പൊലീസ് നിര്‍ബന്ധിപ്പിച്ച് ഷേവ് ചെയ്യിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ രാജ്‌ഗഡ് ജയിലിലാണ് സംഭവം. പെലീസിനെതിരെ ആരോപണം ഉന്നയിച്ച് രണ്ട് യുവാക്കളാണ് ജില്ല കലക്‌ടറിന് പരാതി നല്‍കിയത്.
മത വിശ്വാസത്തിന്‍റെ പേരില്‍ യുവാക്കള്‍ താടി മുറിക്കാന്‍ വിസമ്മതിച്ചിരുന്നെങ്കിലും പൊലീസ് നിര്‍ബന്ധിപ്പിച്ച് ഇവരുടെ താടി ഷേവ് ചെയ്യിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരുടെ ആരോപണം. അനധികൃതമായി കൂട്ടം കൂടിയതിനായിരുന്നു പൊലീസ് വാഹിദ്, കലീം എന്നീ യുവാക്കളെ അറസ്‌റ്റ് ചെയ്‌തത്. ജയിലിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ഇവരെ ഉപദ്രവിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.
അതേ സമയം യുവാക്കളുടെ ആരോപണങ്ങള്‍ രാജ്‌ഗഡ് ജയിലർ എൻഎസ് റാണ നിഷേധിച്ചു. തടവിൽ കഴിയുന്ന എല്ലാ തടവുകാരുടെയും താടി മുറിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണമെന്നാണ് ചട്ടം. മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്നവരെ ഞങ്ങള്‍ അതിന് അനുവദിക്കുന്നുണ്ട്. പരാതിക്കാരുടെ താടി ജയിൽ മാനുവൽ അനുസരിച്ചാണ് മുറിച്ചതെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജില്ല കലക്‌ടര്‍ ഹർഷ് ദീക്ഷിത് ജയിൽ സൂപ്പർവൈസറോട് വീഡിയോയും രേഖാമൂലമുള്ള റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.