ഭോപ്പാല്‍ : ഷാരൂഖ് ഖാന്‍ ചിത്രം 'പഠാനെ'തിരെ മധ്യപ്രദേശ് ഉലമ ബോര്‍ഡും രംഗത്ത്. 'പഠാന്‍' സിനിമയെ വിലക്കണമെന്നാണ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ആവശ്യപ്പെടുന്നത്. മുസ്ലിങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് 'പഠാന്‍' എന്നും ചിത്രത്തിലൂടെ അവരെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും സയ്യിദ് അനസ് അലി പറയുന്നു. സിനിമയുടെ റിലീസ് തടയാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
MP Ulema Board says will block Pathaan release: 'പഠാന്‍' ഗാനത്തിലെ നൃത്ത രംഗത്തില്‍ നടി ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള വസ്‌ത്രം ധരിച്ചത് ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ സജീവമാകുന്നതിനിടെയാണ് സിനിമ വിലക്കണമെന്ന ആവശ്യവുമായി ഉലമ ബോര്‍ഡും രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ സ്‌ത്രീകള്‍ അല്‍പ വസ്‌ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
Pathaan hurts sentiments of Muslim community: 'മുസ്ലിം സമുദായത്തിന്‍റെ വികാരത്തെ ഈ സിനിമ വ്രണപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ മാത്രമല്ല, രാജ്യത്ത് മറ്റിടങ്ങളിലും ഈ ചിത്രം റിലീസ് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. മുസ്ലിങ്ങള്‍ക്കിടയില്‍ ഏറ്റവും ആദരണീയമായ സമുദായങ്ങളിൽ ഒന്നാണ് പഠാന്‍. ഈ സിനിമ പഠാൻമാരെ മാത്രമല്ല, മുസ്ലിം സമുദായത്തെയാകെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ചിത്രത്തിന്‍റെ പേര് പഠാൻ എന്നാണ്, അതിൽ സ്‌ത്രീകള്‍ അശ്ലീല നൃത്തം ചെയ്യുന്നതായി കാണാം. സിനിമയില്‍ പഠാൻമാരെ തെറ്റായി ചിത്രീകരിക്കുന്നു'- സയ്യിദ് അനസ് അലി പറഞ്ഞു.
Ulema Board says makers should remove Pathaan name: 'പഠാന്‍ എന്ന പേര് നിര്‍മാതാക്കള്‍ മാറ്റണം. ഷാരൂഖ് ഖാൻ തന്‍റെ കഥാപാത്രത്തിന്‍റെ പേര് മാറ്റണം. അതിനുശേഷം നിങ്ങൾ ആഗ്രഹിക്കുന്ന പോലെ എന്തും ചെയ്യാം. എന്നാൽ ഈ സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ഇതിനായി നിയമപോരാട്ടം നടത്തും. കൂടാതെ എഫ്‌ഐആര്‍ ഫയൽ ചെയ്യും. വിഷയത്തിൽ സെൻസർ ബോർഡിന് കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്' -അലി പറഞ്ഞു.
MP Home Minister Narottam Mishra against Pathaan: നേരത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര 'പഠാന്‍' ഗാനത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 'ഗാന രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന വേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലിനമായ മാനസികാവസ്ഥയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിലെ രംഗങ്ങള്‍ ശരിയായ രീതിയില്‍ ചിത്രീകരിക്കണം. ദീപികയുടെ വേഷവും നേരെയാക്കണം. അല്ലാത്ത പക്ഷം മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ക്ക് ആലോചിക്കേണ്ടി വരും'- നരോത്തം മിശ്ര പ്രതികരിച്ചു.
നേരത്തെ ദീപിക പദുകോണ്‍ ജെഎൻയു കേസിലെ 'ടുക്‌ഡെ ടുക്‌ഡെ' സംഘത്തെ പിന്തുണയ്‌ക്കുന്ന വ്യക്‌തിയായിരുന്നു. അവളുടെ മാനസികാവസ്ഥ വെളിപ്പെട്ടു. 'ബേഷരം രംഗ്' എന്ന ഗാനത്തിന്‍റെ തലക്കെട്ടും പ്രതിഷേധാർഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ കാവി, പച്ച നിറങ്ങളുള്ള വസ്‌ത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതും പ്രതിഷേധാര്‍ഹമാണ്' -നരോത്തം മിശ്ര പറഞ്ഞു.
Pathaan theatre release: സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രം 2023 ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക. ഷാരൂഖിനെയും ദീപികയെയും കൂടാതെ ജോണ്‍ എബ്രഹാമും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി നിരവധി താരങ്ങളും 'പഠാനി'ല്‍ അണിനിരക്കുന്നുണ്ട്.