ഗ്വാളിയോർ : ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മധ്യപ്രദേശ് രാഷ്‌ട്രീയത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഗ്വാളിയോര്‍. കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കിയ, കോണ്‍ഗ്രസ് മുന്‍ നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. ഇക്കാരണത്താല്‍, സിന്ധ്യയ്‌ക്ക് സ്വാധീനമുള്ള ഗ്വാളിയോര്‍ കേന്ദ്രീകരിച്ച് അദ്ദേഹത്തേയും സംസ്ഥാനം ഭരിക്കുന്ന ബിജെപിയേയും തറപറ്റിക്കാനുള്ള സജീവ നീക്കത്തിലാണ് കോണ്‍ഗ്രസ്.
ഇതിന്‍റെ ഭാഗമായി നിരവധി കോൺഗ്രസ് നേതാക്കളാണ് ഗ്വാളിയോറില്‍ ക്യാമ്പ് ചെയ്യുന്നത്. തങ്ങളുടെ പാര്‍ട്ടിയെ ഒറ്റിയവരെ പാഠം പഠിപ്പിക്കുകയെന്ന വാശിയേറിയ ലക്ഷ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍പിലുള്ളത്. കോണ്‍ഗ്രസിന്‍റെ ഈ നീക്കങ്ങള്‍ മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഓരോ അടിയും മുന്നോട്ടുവയ്‌ക്കുന്നത്. ചൗഹാന്‍, ഈ മേഖലയിൽ തുടർച്ചയായി പര്യടനം നടത്തുന്നുണ്ട്. ഇതോടൊപ്പം കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഗ്വാളിയോറില്‍ സജീവമാണ്.
കോണ്‍ഗ്രസ് ലക്ഷ്യം വീണ്ടും അടക്കിവാഴാന്‍ : മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്ങിന്‍റെ ശക്തമായ സാന്നിധ്യവും ഗ്വാളിയോറിലുണ്ട്. പുറമെ, മധ്യപ്രദേശിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള നിരവധി പ്രമുഖ നേതാക്കളും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ മേഖലയിലെ 'തലപ്പൊക്കമുള്ള' നേതാവായ ജ്യോതിരാദിത്യ സിന്ധ്യയെ മലര്‍ത്തിയടിച്ചുകൊണ്ട് സംസ്ഥാന ഭരണം കൈപ്പിടിയിലൊതുക്കുകയാണ്, മധ്യപ്രദേശ് ഒരു കാലത്ത് അടക്കിവാണ കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.
സിന്ധ്യയും അനുയായികളും ബിജെപിയുമായി ചേര്‍ന്ന് കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു. കോൺഗ്രസിലായിരിക്കെ, പ്രധാനമന്ത്രി മോദിയേയും ശിവരാജ് സർക്കാരിനേയും ബിജെപിയേയും ജ്യോതിരാദിത്യ സിന്ധ്യ കടന്നാക്രമിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിന്ധ്യയെ ആക്രമിക്കാൻ കോൺഗ്രസ്, പഴയ പ്രസംഗങ്ങളടക്കം രേഖരിക്കുന്നുണ്ട്. ഈ പ്രസംഗങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് സിന്ധ്യയുടെ വിശ്വാസ്യത തകര്‍ക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
ജ്യോതിരാദിത്യ സിന്ധ്യയെ 'തുറന്നുകാട്ടാന്‍' കോണ്‍ഗ്രസ്: കോൺഗ്രസ് വിട്ടതിന് ശേഷം സിന്ധ്യ നടത്തിയ വിവിധ വിഷയങ്ങളിലെ പ്രസ്‌താവനകൾ തമ്മിലുള്ള വ്യത്യാസമെന്തെന്ന് ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കാനും നീക്കമുണ്ട്. പദവിക്ക് വേണ്ടി മാത്രമാണ് സിന്ധ്യ ബിജെപിയുമായി കൈകോർത്തതെന്ന രൂപത്തിലാവും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണം.'കോൺഗ്രസിലായിരുന്നപ്പോൾ മോദിക്കും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമെതിരെ രൂക്ഷമായ പ്രസ്‌താവനകൾ നടത്തിയിരുന്ന സിന്ധ്യയെ അതൊന്ന് വീണ്ടും ഓർമിപ്പിക്കേണ്ടതുണ്ട്'- കോൺഗ്രസ് മുൻ മന്ത്രി ലഖൻ സിങ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സിന്ധ്യയെ ആക്രമിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി രംഗത്തുവന്നു. ഗ്വാളിയോറിലെ ചമ്പൽ മേഖലയില്‍ സിന്ധ്യയ്‌ക്കുള്ള ശക്തി കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നും അതിനാലാണ് അവർ അദ്ദേഹത്തെ സജീവമായി ലക്ഷ്യമിടുന്നതെന്നും ബിജെപി സംസ്ഥാന മന്ത്രി ലോകേന്ദ്ര പരാശര്‍ മാധ്യമങ്ങളോട് പറഞ്ഞു.