ദമോ (മധ്യപ്രദേശ്) : ദളിത് കുടുംബത്തില മൂന്ന് പേരെ വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് നടുക്കുന്ന സംഭവം. കുടുംബത്തിലെ അച്ഛനും അമ്മയും മൂത്തമകനുമാണ് മരിച്ചത്. ദമ്പതികളുടെ മറ്റ് രണ്ട് ആൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.
വാക്കുതർക്കത്തിനിടെ പ്രതികൾ കുടുംബാംഗങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ദമോയിലെ ദേവ്റാൻ ഗ്രാമത്തിൽ ഇന്നലെ (25-10-2022) രാവിലെയാണ് ദാരുണ സംഭവമുണ്ടായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡിആർ ടെനിവാർ പറഞ്ഞു. പ്രതികൾ ഗ്രാമത്തിലുള്ളവർ തന്നെയാണ്.
നിസാര തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒളിവിൽപോയ ആറ് പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കുറ്റവും പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.