ഭോപ്പാല്‍: നഗ്‌ന വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മധ്യപ്രദേശ് പൊലീസ്. തട്ടിപ്പുകാരില്‍ നിന്ന് ജാഗ്രതപാലിക്കണമെന്ന് ഭോപ്പാല്‍ സൈബര്‍ ക്രൈം സെല്‍ അഭ്യര്‍ഥിച്ചു. ആരെയാണോ ലക്ഷ്യമിടുന്നത് അവരെ തേടി പല നമ്പറുകളില്‍ നിന്നായി വീഡിയോ കോളുകളെത്തും. യുവതിയുമായുള്ള ചാറ്റിങ് റെക്കോഡ് ചെയ്യുന്ന തട്ടിപ്പുകാര്‍ പിന്നീട് ഇരകളെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തും. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുമെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയും ചെയ്യും.
സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നവര്‍ സ്വകാര്യ വിവരങ്ങളും, ഫോട്ടോകളും സുരക്ഷിതമാക്കാനായി സ്വകാര്യതാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് സൈബര്‍ സെല്‍ അറിയിച്ചു. അറിയാത്ത നമ്പറുകളില്‍ നിന്നും തേടിയെത്തുന്ന വീഡിയോ കോളുകള്‍ സൂക്ഷ്മതയോടെ മാത്രമേ സ്വീകരിക്കാവൂ.
അറ്റന്‍ഡ് ചെയ്യേണ്ട സാഹചര്യം വന്നാല്‍ മുഖം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. ഫോണിലൂടെയോ ഓണ്‍ലൈനായോ വ്യക്തിഗത വിവരങ്ങളും, ഫോട്ടോയും പങ്കുവെയ്ക്കുമ്പോഴും ജാഗ്രത വേണമെന്നും സൈബര്‍ സെല്‍ എഎസ്‌പി അങ്കിത് ജെയ്‌സ്വാള്‍ വ്യക്തമാക്കി.