ഭോപ്പാൽ: മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. കോൺഗ്രസും മറ്റ് പാർട്ടികളും കൈവശം വച്ചിരിക്കുന്ന 103 സീറ്റുകളടക്കം പിടിച്ചെടുക്കാനാണ് 'കാവി പാര്‍ട്ടിയുടെ' ലക്ഷ്യം. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് 'ദേശീയത' ഫോർമുല ബലപ്പെടുത്തി കളംപിടിക്കാന്‍ രാജ്യത്തുടനീളമുള്ള കവികളേയും എഴുത്തുകാരേയും കൂടെ കൂട്ടാനാണ് ബിജെപി ഉന്നമിടുന്നത്.
തുടക്കത്തിൽ, ഓരോ നിയമസഭ സീറ്റുകളിലും കവി സമ്മേളനങ്ങളാണ് ബിജെപി ആസൂത്രണം ചെയ്‌തിരിക്കുന്നത്. പാര്‍ട്ടി നേരിട്ട് ഇറങ്ങിയല്ല ഈ പരിപാടികൾ സംഘടിപ്പിക്കുക എന്നാണ് വിവരം. നിരവധി സാമൂഹിക സംഘടനകളേയും എൻജിഒകളേയും ഈ പരിപാടികൾ സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നിയമസഭയിലെ 103 സീറ്റുകൾ കൂടെ സ്വന്തമാക്കി സംസ്ഥാനം കൈവിടാതിരിക്കാനുള്ള ശക്തമായ ശ്രമമാണ് കാവി പാര്‍ട്ടി നടത്തുന്നത്.
ബിജെപിയുടെ 'കന്നി തന്ത്രത്തിനെതിരെ' കോണ്‍ഗ്രസ്: അയോധ്യ രാമക്ഷേത്രം, മുത്തലാഖ്, ആർട്ടിക്കിൾ 370 തുടങ്ങിയ നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തി ദേശസ്‌നേഹവും ദേശീയതയുമൊക്കെ വിഷയമാക്കാനാണ് ബിജെപി ശ്രമം. ഇത് സംബന്ധിച്ച രചനകൾ ഒരുക്കാനാണ് കവികളോടും എഴുത്തുകാരോടും ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ, ഇരട്ട എൻജിൻ സർക്കാരിന്‍റെ നേട്ടങ്ങളും പ്രധാന പ്രചാരണ ആയുധമാക്കും. ഇതിന് പുറമെ സോഷ്യല്‍ മീഡിയ പ്രചാരണം ശക്തിപ്പെടുത്താന്‍ പ്രത്യേകം ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സംസ്ഥാന ഭരണകക്ഷി, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കവികളെയും എഴുത്തുകാരെയും അണിനിരത്തുന്നത്.
അതേസമയം, ബിജെപിയുടെ നീക്കത്തെ പരിഹസിച്ച് കോൺഗ്രസ് വക്താവ് ജിതേന്ദ്ര മിശ്ര രംഗത്തെത്തി. 'ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ഒരു സർക്കാരിന്‍റെ വിജയം അളക്കുന്നത് അവർ ചെയ്‌തുവച്ച പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. മൂന്ന് കാര്യങ്ങളിലും ബിജെപി കനത്ത പരാജയമാണ് നേരിട്ടത്. പോരാത്തതിന് തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. അവര്‍ കവികളെ വിളിക്കും. എന്നാൽ, അതൊന്നും ഒട്ടും ഏല്‍ക്കില്ല. വോട്ടർമാരെ ആകർഷിക്കാൻ വേണ്ടി മാത്രമാണ് ബിജെപി ദേശീയതയെ കൂടെ കൂട്ടാറുള്ളത്' - ജിതേന്ദ്ര മിശ്ര പറഞ്ഞു.
ബിജെപി വക്താവ് നരേന്ദ്ര സലൂജ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനുവമായി രംഗത്തെത്തി. 'ഞങ്ങൾ എപ്പോഴും ദേശസ്നേഹത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചും സംസാരിക്കുന്നവരാണ്. ഞങ്ങൾ എപ്പോഴും സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ഇത് ഏതെങ്കിലും 103 സീറ്റുകളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തിന്‍റെ മുഴുവൻ പ്രശ്‌നമാണ്. കോൺഗ്രസിന് എല്ലാ കാര്യങ്ങളും ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമുള്ളതാണ്. എന്നാല്‍, ഞങ്ങളാണ് രാജ്യത്തിന്‍റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത്' -നരേന്ദ്ര സലൂജ പറഞ്ഞു.