ഭോപ്പാൽ: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ 4,500ഓളം ജയിൽ അന്തേവാസികളെ പരോളിൽ വിടുന്നു. ജയിലുകളിൽ കുറ്റവാളികളുടെ എണ്ണം കൂടുതലാണെന്നും സെല്ലുകളിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ ജയിൽ അന്തേവാസികളെ പരോളിൽ വിടാൻ തീരുമാനിച്ചുവെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു.
കൊവിഡ് കൂടുന്ന സാഹചര്യത്തിൽ ജയിൽ ഭരണകൂടത്തിന് ജോലികൾ വർധിച്ചു. ജയിൽ അന്തേവാസികളെ കുടുംബാംഗങ്ങളെ കാണുന്നതിന് അനുവദിക്കുന്നില്ലെന്നും ജയിൽ അന്തേവാസികളിൽ കൊവിഡ് രോഗലക്ഷണങ്ങൾ കാണിക്കുന്ന സാഹചര്യത്തിൽ ഐസൊലേഷനിൽ ആക്കണമെന്നും ജയിൽ ഡിജിപി സജ്ജയ് പാണ്ഡെ ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്ത് ആകെ 131 ജയിലുകളാണ് ഉള്ളത്. ഇതിൽ 11 സെൻട്രൽ ജയിലും 41 ജില്ലാ ജയിലും 73 സബ് ജയിൽ ഉൾപ്പെടെ ആറ് ഓപ്പൺ ജയിലുകളുമാണ് ഉള്ളത്. ആദ്യഘട്ടമായി 4500ഓളം അന്തേവാസികളെ രണ്ട് മാസത്തെ പരോളിനാണ് അയക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ അന്തേവാസികളെയും പരോളിൽ വിടും. കഴിഞ്ഞ വർഷവും കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ 4000ത്തോളം അന്തേവാസികളെ രണ്ട് മാസത്തെ പരോളിന് അയച്ചിരുന്നു.