ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എതിരാളികള്‍ ആരൊക്കെയന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും ശശി തരൂരിന്‍റെ തീരുമാനത്തില്‍ മാറ്റമില്ല. സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് തരൂര്‍ നാമനിർദേശ പത്രിക സമർപ്പിക്കും. ഇക്കാര്യത്തെക്കുറിച്ച് തിരുവനന്തപുരം എംപിയുടെ പ്രതിനിധി തന്‍റെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്‌ത്രി പറഞ്ഞു.
'ബല്‍സല്‍ മത്സരിക്കുമോ?', ഉറപ്പില്ലാതെ മിസ്‌ത്രി : എഐസിസി ട്രഷറർ പവൻ കുമാർ ബൻസലും നാമനിർദേശ പത്രികകൾ കൈപ്പറ്റിയിട്ടുണ്ട്. തിങ്കളാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 26) ബൻസല്‍ തന്‍റെ ഓഫിസിൽ നിന്നും അപേക്ഷ സ്വീകരിച്ചത്. മത്സരിക്കുമോ എന്നത് അറിയില്ല. ചിലപ്പോള്‍ ആരെയെങ്കിലും പിന്തുണയ്‌ക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്തുള്ള തന്‍റെ ഓഫിസിന് മുന്‍പില്‍ ചൊവ്വാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ താന്‍ 10 ജൻപഥിലെ വസതിയിൽ കണ്ടിരുന്നു. അവരുടെ വോട്ടർ ഐഡി കാർഡ് കൈമാറിയെന്നും മിസ്‌ത്രി പറഞ്ഞു.
ശോഭ കെടുന്ന തെരഞ്ഞെടുപ്പ് : അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ആകെ കലങ്ങിമറിഞ്ഞ സ്ഥിതിയിലാണുള്ളത്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയായിരുന്നു ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന നിലയില്‍ പാര്‍ട്ടി മുന്നോട്ടുവച്ചത്. എന്നാല്‍, ഒന്നുകില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒരുമിച്ചുവേണം അല്ലെങ്കില്‍ താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്നുമായിരുന്നു ഗെലോട്ടിന്‍റെ നിലപാട്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി ആവാതിരിക്കാനായിരുന്നു ഈ പിടിവാശി.
ALSO READ| സോണിയയ്‌ക്ക് കടുത്ത അതൃപ്‌തി ; രാജസ്ഥാൻ പ്രതിസന്ധിയുടെ കാരണക്കാര്‍ക്കെതിരെ നടപടി ഉടന്‍
ഇത് ഗാന്ധി കുടുംബം അംഗീകരിക്കാതെ വന്നതോടെ ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ച് രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധി സൃഷ്‌ടിച്ചു. ഈ വിഷയത്തില്‍ സോണിയ ഗാന്ധി വലിയ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഗെലോട്ടിനെ ഇനി ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. മുകുള്‍ വാസ്‌നിക്, കമല്‍ നാഥ് എന്നിവരുടെ പേരുകള്‍ തെരഞ്ഞെടുപ്പില്‍ 'ഔദ്യോഗിക പക്ഷ' സ്ഥാനാര്‍ഥികളായി ഉയര്‍ന്നുകേട്ടിരുന്നു.