മുംബൈ : ബോളിവുഡ് താര സുന്ദരി മാധുരി ദീക്ഷിത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന് സൂചന. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് വെസ്റ്റ് മുംബൈ മണ്ഡലത്തില്‍ നിന്ന് മാധുരി ദീക്ഷിത് മത്സരിച്ചേക്കുമെന്ന തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അതിനിടെ മണ്ഡലത്തിലുടനീളം മാധുരി ദീക്ഷിതിന്‍റെ പോസ്റ്ററുകളും കട്ടൗട്ടുകളും ഉയര്‍ന്നതാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള സൂചനകള്‍ക്ക് ബലം പകരുന്നത് (Madhuri Dixit May Contest Election).
പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ താരം ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി മാധുരി ദീക്ഷിത് ഏറെക്കാലമായി സമ്പര്‍ക്കത്തിലാണെന്നാണ് വിവരം. മഹാരാഷ്ട്ര ബിജെപി മുന്‍ അധ്യക്ഷന്‍ ആശിഷ് ഷേലാര്‍, ഉപമുഖ്യമന്ത്രി അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം അടുത്തിടെ മാധുരി ദീക്ഷിത് പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത് (Bollywood Actress Madhuri Dixit).
വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരം കാണാനായിരുന്നു എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം മാധുരി ദീക്ഷിത് എത്തിയത്. നിലവില്‍ എന്‍ഡിഎ സഖ്യത്തില്‍ ശിവസേനയ്ക്ക് നല്‍കിയ സീറ്റാണ് നോര്‍ത്ത് വെസ്റ്റ് മുംബൈ. നേരത്തെ പൂനെയില്‍ നിന്ന് മാധുരി ദീക്ഷിത് മത്സരിച്ചേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു (Lok Sabha Election 2024).
ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി: ക്ഷേത്ര ദര്‍ശനത്തിനായി മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധുരിക്കും പ്രശസ്‌ത അഭിഭാഷകനായ ഉജ്വല്‍ നികത്തിനും മുംബൈയില്‍ നിന്ന് ടിക്കറ്റ് നല്‍കുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയിലെത്തിയ അമിത് ഷാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. മുംബൈ, പൂനെ, ധൂലെ, ജല്‍ഗാവ് തുടങ്ങിയ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളെ കുറിച്ച് ചര്‍ച്ച നടത്തി. ഈ നാലിടങ്ങളിലും ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കണമെന്നും കൂടിക്കാഴ്‌ചയില്‍ തീരുമാനമായി (Madhuri Dixit).
പ്രതികരിക്കാതെ ബിജെപി: മുംബൈയില്‍ നിന്നും നടി മാധുരി ദീക്ഷിത്, ജല്‍ഗാവില്‍ നിന്നും ഉജ്വല്‍ നികം, പൂനെയില്‍ നിന്നും സുനില്‍ ദിയോധര്‍ ധൂലെയില്‍ നിന്നും പ്രതാപാവ് ദിഘവ്‌കര്‍ എന്നിവരെ മത്സര രംഗത്തിറക്കാന്‍ കൂടിക്കാഴ്‌ചയില്‍ തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പാര്‍ട്ടിയുടെ മുഴുവന്‍ അഭിപ്രായവും അറിഞ്ഞതിന് ശേഷമാകും അന്തിമ തീരുമാനം. വിഷയത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും മാധുരി അടക്കമുള്ള നാല് പേരുടെയും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയെ കുറിച്ചോ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയാറായിട്ടില്ല.