ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ അമ്പതിലധികം രാജ്യങ്ങള്‍ക്ക് നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- സ്വീഡന്‍ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വെനും ഉച്ചകോടിയില്‍ പങ്കെടുത്തു. സ്വീഡനില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അര്‍പ്പിച്ചു.
കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യ ഇതിനകം 150ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകളും മറ്റു അവശ്യവസ്‌തുക്കളും വിതരണം ചെയ്‌തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ഭാഗമായി ഏഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുമായി തങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ അമ്പതിലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ എത്തിച്ചുവെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2015ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത്. 2015ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ആദ്യമായി കണ്ടുമുട്ടിയത്. 2016ല്‍ സ്വീഡന്‍ പ്രധാനമന്ത്രി ലോഫ്‌വന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2018ല്‍ നരേന്ദ്ര മോദിയും സ്വീഡന്‍ സന്ദര്‍ശനം നടത്തി. 2020 ഏപ്രിലില്‍ ഇരു പ്രധാനമന്ത്രിമാരും ടെലിഫോണ്‍ വഴി ഇരു രാജ്യങ്ങളിലെയും കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്‌തിരുന്നു.
വ്യവസായം, നിക്ഷേപം, വികസനം, ശാസ്‌ത്ര സാങ്കേതിക വിദ്യ, ഗവേഷണം എന്നീ മേഖലകളില്‍ ഇന്ത്യയും സ്വീഡനും മികച്ച സഹകരണമാണ് പുലര്‍ത്തുന്നത്. വിവിധ മേഖലകളിലായി 250 ഓളം സ്വീഡിഷ് കമ്പനികളാണ് ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. അതേസമയം സ്വീഡനില്‍ എഴുപത്തഞ്ചോളം ഇന്ത്യന്‍ കമ്പനികളും പ്രവര്‍ത്തിക്കുന്നു.