എആര്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ അദ്ദേഹത്തിന്‍റെ തന്നെ സ്വര മാധുര്യത്തില്‍ പ്രേക്ഷകര്‍ക്ക് ഗംഭീര സംഗീത വിരുന്ന് സമ്മാനിച്ച് പ്രിയ സംഗീതജ്ഞന്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനവുമായെത്തി സംഗീത ആസ്വാദകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് എആര്‍ റഹ്‌മാന്‍. സ്വന്തം സംഗീതത്തിനൊപ്പം നൃത്തച്ചുവടുകളുമായി എത്തി പ്രേക്ഷകര്‍ക്ക് ആവേശമായി തീര്‍ന്നിരിക്കുകയാണ് അദ്ദേഹം.
ചിത്രത്തിലെ 'ജിഗു ജിഗു റെയിൽ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. എആർ റഹ്‌മാന്‍ തന്നെയാണ് ഗാനത്തിന് സംഗീതവും ശബ്‌ദവും നൽകിയിരിക്കുന്നത്. യുഗഭാരതിയാണ് ഈ മനോഹര ഗാനം രചിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കളാണ് ഗാനം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലാണ് 'ജിഗു ജിഗു റെയില്‍' ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൂട്ടം കുട്ടികൾക്കൊപ്പം ഗാനം അവതരിപ്പിക്കുന്ന എആര്‍ റഹ്‌മാനെയാണ് വീഡിയോയില്‍ കാണാനാവുക. എസ് ടി നിശാന്ത്, ജെ സർവേഷ്, പി പ്രഗദീഷ്, നേഹ ഗിരീഷ്, ആർ ആദ്യ, ആർ ദിവ ലക്ഷ്‌മി എന്നിവര്‍ ചേര്‍ന്നാണ് കുട്ടികൾക്കായി ഗാനം ആലപിച്ചിരിക്കുന്നത്.
'മാമന്നന്‍' ട്രെയിലര്‍ ലോഞ്ച് തീയതിയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വച്ച് ജൂണ്‍ ഒന്നിനാണ് 'മാമന്നന്‍' ട്രെയിലര്‍ ലോഞ്ച്. 'ജിഗു ജിഗു റെയില്‍' ഗാനത്തിനൊടുവിലാണ് നിര്‍മാതാക്കള്‍ ട്രെയിലര്‍ ലോഞ്ച് വിവരം പങ്കുവച്ചിരിക്കുന്നത്.
മാരി സെൽവരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നൻ'. ഉദയനിധി സ്‌റ്റാലിൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായെത്തുന്നത്. വടിവേലുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
Also Read: എ ആർ റഹ്‌മാൻ്റെ സംഗീതത്തിൽ വീണ്ടും പാടി മകൻ, ചിമ്പു ചിത്രത്തിലെ ഗാനം പുറത്ത്
'മാമന്നന്‍' സെറ്റില്‍ ഫഹദ് ജോയിന്‍ ചെയ്‌ത വാര്‍ത്ത മാധ്യമ പ്രധാന്യം നേടിയിരുന്നു. പൂച്ചെണ്ട് നല്‍കിയാണ് 'മാമന്നന്‍' ടീം ഫഹദിനെ സ്വീകരിച്ചത്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫഹദിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിരുന്നു. ചിത്രത്തില്‍ വില്ലനായാണ് താരം പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന.
ഇതാദ്യമായല്ല ഫഹദ് തമിഴകത്ത് എത്തുന്നത്. അതും വില്ലനായി. 2017ല്‍ 'വേലൈക്കാരന്‍' എന്ന ചിത്രത്തിലൂടെയാണ് താരം തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വിജയ് സേതുപതിയുടെ 'സൂപ്പര്‍ ഡീലക്‌സ്', അല്ലു അര്‍ജുന്‍റെ 'പുഷ്‌പ' എന്നീ സിനിമകളിലും അഭിനയിച്ചു. അതേസമയം 'പുഷ്‌പ'യിലൂടെ താരം തെലുഗുവിലും അരങ്ങേറ്റം കുറിച്ചു. 'പുഷ്‌പ'യിലെ ഫഹദിന്‍റെ പ്രകടനം താരത്തിന് ഏറെ പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടിക്കൊടുത്തു.
'കർണൻ', 'പരിയേറും പെരുമാൾ' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'മാമന്നന്‍'. പൂര്‍ണമായും രാഷ്‌ട്രീയ ജീവിതത്തിലേയ്‌ക്ക് കടക്കുന്നതിന് മുമ്പ് അഭിനേതാവ് എന്ന നിലയില്‍ ഉദയനിധി സ്‌റ്റാലിന്‍റെ അവസാന ചിത്രമാണ് 'മാമന്നന്‍' എന്നതും ശ്രദ്ധേയമാണ്. 'നെഞ്ചുക്ക് നീതി' ആണ് ഉദയനിധി സ്‌റ്റാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. സിനിമയിലെ മികച്ച പ്രകടനത്തിന് ഉദയനിധിക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. എആര്‍ റഹ്‌മാന്‍ ആണ് സംഗീതം. സിനിമയുടെ റിലീസ് തീയതി ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജൂണില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ നീക്കം. ഉദയനിധി സ്‌റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസാണ് സിനിമയുടെ നിര്‍മാണം. സെല്‍വ എഡിറ്റിങ് നിര്‍വഹിക്കും. യുഗഭാരതിയാണ് ഗാനരചയിതാവ്. സാന്‍ഡിയാണ് സിനിമയുടെ ഡാൻസ് കൊറിയോഗ്രാഫർ.
Also Read: ഉദയനിധി സ്‌റ്റാലിന് വില്ലനായി ഫഹദ് ; മാമന്നന്‍ സെറ്റില്‍ ഫഹദ്