ബെംഗളൂരു: അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്ക് സമാനമായി നിർമിച്ച ബെംഗളൂരുവിലെ അൾട്രാ-ലക്ഷ്വറി റെയിൽവേ ടെർമിനലായ സർ എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ആദ്യത്തെ എസി ടെർമിനലാണിത്. ബെംഗളൂരുവിലെ ബാനസവാടിക്കും ബൈയ്യപ്പനഹള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ ബെംഗളൂരുവിലെ മൂന്നാമത്തെ പ്രധാനപ്പെട്ട ടെർമിനലാണ്.
മലയാളിക്കും ഗുണം: ടെർമിനലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെയാണ് തിങ്കളാഴ്‌ച മുതൽ ട്രെയിൻ ഓടിത്തുടങ്ങിയത്. എറണാകുളം ട്രൈ-വീക്ക്‌ലി എക്‌സ്പ്രസ് ട്രെയിൻ കടന്നുപോയതോടെയാണ് റെയിൽവേ സ്റ്റേഷന്‍റെ പ്രവർത്തനമാരംഭിച്ചത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഇതേ ട്രെയിൻ വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ വഴി എറണാകുളത്തേക്ക് പോകും. എറണാകുളത്ത് നിന്നും വരുന്ന ട്രെയിൻ തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സ്റ്റേഷനിലെത്തുക.
ജൂൺ 10 മുതൽ കൊച്ചുവേളി ബൈ-വീക്ക്‌ലി ഹംസഫർ എക്‌സ്പ്രസ് വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നരം 7 മണിക്ക് എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിൽ നിന്നും പുറപ്പെടും. കൊച്ചുവേളിയിൽ നിന്നും മെയ് 11 മുതൽ പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 10.10ന് വിശ്വേശ്വരയ്യ റെയിൽവേ സ്റ്റേഷനിലെത്തും. വെള്ളി, ഞായർ ദിവസങ്ങളിലാണ് കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിൻ ബെംഗളൂരുവിൽ എത്തുക.
ബെംഗളൂരുവിൽ നിന്ന് പട്‌നയിലേക്കുള്ള പ്രതിവാര ഹംസഫർ എക്‌സ്പ്രസ് ജൂൺ 12 മുതൽ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 1.50ന് പുറപ്പെടും. പട്‌നയിൽ നിന്ന് വരുന്ന ട്രെയിൻ ശനിയാഴ്‌ചകളിൽ ബെംഗളൂരുവിലെത്തും. എയർ കണ്ടീഷൻ സൗകര്യമുള്ള സർ എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ 314 കോടി രൂപ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്. ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനും യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനും കഴിഞ്ഞാൽ മൂന്നാമത്തെ പ്രധാന ടെർമിനലാണ് വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
സോളാർ മേൽക്കൂരയും മഴവെള്ള സംഭരണ സംവിധാനവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.